dog-

കോഴിക്കോട്: പൊതു ഇടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ സമയബന്ധിതമായി നീക്കണമെന്ന് സുപ്രീംകോടതി കോടതി നിലപാട് കടുപ്പിക്കുമ്പോൾ എങ്ങനെ നടപ്പിലാക്കുമെന്നതിൽ ആശങ്ക. തെരുവിൽ അലയുന്ന മുഴുവൻ നായ്ക്കളെയും പിടികൂടി വന്ധ്യംകരിച്ച് വാക്സിൻ നൽകി മൂന്നാഴ്ചയ്ക്കകം ഷെൽട്ടറിലാക്കണമെന്നാണ് ഉത്തരവ്. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്നുവിടരുത് എന്നും കോടതി പറഞ്ഞതിനാൽ പലയിടങ്ങളിലായി ഷെൽട്ടറുകൾ സ്ഥാപിക്കേണ്ടി വരും. എന്നാൽ പലയിടങ്ങളിൽ നായകൾക്കായി ഷെൽട്ടറുകൾ തുറക്കുന്നത് തദ്ദേശസ്ഥാപനങ്ങൾക്ക് വെല്ലുവിളിയാകുകയാണ്. ഷെൽട്ടറുകൾ സ്ഥാപിക്കാൻ ജനവാസം കുറഞ്ഞ സ്ഥലങ്ങൾ ലഭിക്കാനും പ്രയാസമാണന്നാണ് അധികൃതർ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വേലി, മതിൽ, ഗേറ്റ് സ്ഥാപിക്കുന്നതും പ്രതിസന്ധിയാണ്.

ആവശ്യത്തിന് എ.ബി.സി കേന്ദ്രങ്ങളില്ല

പിടികൂടുന്ന നായകളെ വേഗം തന്നെ വന്ധ്യംകരണം നടത്തി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാനായി ജില്ലയിൽ ആകെയുള്ളത് രണ്ട് എ.ബി.സി കേന്ദ്രങ്ങൾ മാത്രം. കോർപ്പറേഷന് കീഴിൽ പൂളാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേന്ദ്രവും മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രവും. ഇവിടെ ദിനം പ്രതി 10 മുതൽ 12 വരെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു എ.ബി.സി സെന്റർ വീതം സജ്ജമാക്കാൻ ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. 2019 ലെ സർവേ അനുസരിച്ച് 13,182 തെരുവുനായകളെയാണ് കോർ‌പറേഷൻ പരിധിയിൽ കണ്ടെത്തിയിട്ടുള്ളത്. ഇത് ഇരട്ടിയിലധികമായിട്ടുണ്ടാവും. ഇത്രയും നായകളെ ചുരുങ്ങിയ സമയം കൊണ്ട് വന്ധംകരിക്കുന്നതും പ്രയാസമാണ്. 2019 മുതൽ ഇതുവരെ 14,800 തെരുവുനായകളെയാണ് വന്ധ്യംകരണത്തിന് വിധേയമാക്കിയത്.

വരുമോ ഡോഗ് പാർക്ക്

നായകൾക്കായി ഡോഗ് പാർക്ക് ഒരുക്കുന്ന കോർപറേഷൻ പദ്ധതിയും ഇഴയുന്നു. പദ്ധതിക്ക് കൗൺസിൽ

യോഗത്തിൽ അനുമതിയായെങ്കിലും ഇതുവരെ താത്പര്യപത്രം വിളിച്ചിട്ടില്ല. അനുകൂലമായ സ്ഥലം ലഭിച്ചാൽ നായകളെ പ്രത്യേകം താമസിപ്പിക്കുന്ന രീതിയിലുള്ള പാർക്കാണ്‌ സജ്ജമാക്കുക. 2024–25 ബജറ്റിൽ നിർദേശിച്ച പദ്ധതിയാണ് പൂർത്തീകരിക്കാനൊരുങ്ങുന്നത്. നഗരത്തിനുള്ളിലോ പുറത്തോ ജനവാസം കുറഞ്ഞ സ്ഥലത്താവും പാർക്ക് നിർമ്മിക്കുക.

''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഷെൽട്ടറുകൾ ഒരുക്കേണ്ടത്. കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ ഒരുക്കേണ്ടത് ആവശ്യമാണ്. അവ ഒരുക്കിയാൽ ആവശ്യമായ സൗകര്യങ്ങൾ നൽകും''

ടി.ഗീത, മൃഗസംരക്ഷണ വകുപ്പ് ഓഫീസർ‌

''തെരുവ് നായകളെ പിടികൂടി കൂട്ടിലടക്കുക എന്നത് നല്ലത് തന്നെയാണ്. പക്ഷേ എങ്ങനെ നടപ്പിലാക്കുമെന്ന് വ്യക്തതയില്ല. നാട് നീളെ ഷെൽട്ടറുകൾ സ്ഥാപിക്കുന്നത് അതിലും പ്രശ്നമാകും''

പ്രസീത , വീട്ടമ്മ

ഉത്തരവ് വന്നതല്ലേയുള്ളൂ. തെരുവ്നായകളെ ഏത് രീതിയിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റുമെന്നത്
കോർപറേഷൻ ചർച്ച ചെയ്ത് തീരുമാനിക്കും. ഡോഗ്പാർക്കിന് ആവശ്യത്തിന് സ്ഥലം കണ്ടെത്താൻ കോർപറേഷൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാൽ താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ആരെങ്കിലും വന്നാൽ എത്രതുക ചെലവഴിച്ചാലും പദ്ധതി നടപ്പിലാക്കും''

ഡോ.എസ്. ജയശ്രീ (ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ)