മേപ്പാടി: റിപ്പൺ വാളത്തൂരിൽ പുള്ളിപ്പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാത്രി 9 മണിയോടെയാണ് പുലി കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞദിവസം പ്രദേശവാസിയായ ശിഹാബ് ഫൈസിയുടെ ആടിനെ പുലി ആക്രമിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസവും പുലി കൂടിന് അടുത്തുവരെ എത്തിയിരുന്നുവെങ്കിലും കൂട്ടിൽ കയറിയിരുന്നില്ല. കൂട്ടിൽ അകപ്പെട്ട പുലിയെ മുത്തങ്ങയിലേക്ക് മാറ്റി. ഇന്ന് അനുയോജ്യമായ വനമേഖലയിൽ പുലിയെ തുറന്നു വിടും. പുലിക്ക് പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. വെറ്ററിനറി സർജൻ പുലിയെ പരിശോധിക്കും. അതിനുശേഷം ആകും പുലിയെ തുറന്നു വിടുക. നേരത്തെ ഇതേ പ്രദേശത്തു നിന്നും കരടിയേയും പിടികൂടിയിരുന്നു.