road

എരുമേലി : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മുന്നൊരുക്കങ്ങളിൽ മെല്ലെപ്പോക്കെന്ന് ആക്ഷേപം. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന പ്രധാന ഇടത്താവളമായ എരുമേലിയിൽ ഭക്തരെ കാത്തിരിക്കുന്നത് ദുരിതം മാത്രമാണ്. തീർത്ഥാടക വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൾ കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്. എരുമേലി - റാന്നി റോഡിൽ പലയിടത്തും റോഡിൽ കുഴികൾ രൂപപ്പെട്ടു. എരുമേലി സർക്കാർ ആശുപത്രിയിലേക്കുള്ള റോഡും തരിപ്പണമാണ്. എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലും വലിയ കുഴികൾ രൂപപ്പെട്ടു.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിരവധി മാർഗങ്ങൾ ആസൂത്രണം ചെയ്തിട്ടും ഒന്നും നടപ്പിലാകുന്നില്ല. പാരലൽ റോഡുകൾ ഗതാഗതയോഗ്യമാക്കി വാഹനങ്ങൾ തിരിച്ചുവിട്ട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം. ദേവസ്വം ബോർഡ്, ജമാഅത്ത് ഉടമസ്ഥതയിലുള്ള പാർക്കിംഗ് മൈതാനങ്ങളും, ശൗചാലയങ്ങളും കരാർ വ്യവസ്ഥയിൽ നൽകിത്തുടങ്ങി. താത്കാലിക കടകളുടെ നിർമ്മാണവും ആരംഭിച്ചു.

ചെയ്ത് തീർക്കാൻ ഇനിയുമേറെ

വലിയമ്പലത്തിലെ കുളിക്കടവിലെ മാലിന്യം നീക്കം ചെയ്യണം
തീർത്ഥാടനപാതയിൽ ദിശാബോർഡുകൾ സ്ഥാപിക്കുക

അപകടമേഖലകളിൽ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കുക

കാഴ്ച മറച്ച് തിങ്ങി നിറഞ്ഞ് കാട്

ഹൈറേഞ്ച് പാതയുടെ തുടക്കം മുതൽ കുട്ടിക്കാനം വരെയുള്ള പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളും കാടുകൾ നിറഞ്ഞു. ഇത് വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതിനും അപകടങ്ങൾക്കും ഇടയാക്കും. ക്രാഷ് ബാരിയറുകൾ ഉൾപ്പെടെ കാടുകയറിയ നിലയിലാണ്. കുത്തനെയുള്ള നിരവധി ഇറക്കവും വളവുകളുമാണ് ഇവിടെയുള്ളത്. നിരവധി അപകടങ്ങളും എല്ലാവർഷവും ഇവിടെ ഉണ്ടാകാറുണ്ട്. റോഡ് പരിചയമില്ലാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.

''പ്രശസ്തമായ പേട്ടകെട്ടിനടക്കം ആയിരക്കണക്കിന് ഭക്തരാണ് എരുമേലിയിൽ എത്തുന്നത്. എന്നിട്ടും ഭക്തർ അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്ന കാഴ്ചയാണ് ഓരോ വർഷവും കാണുന്നത്.
-രവീന്ദ്രൻ, എരുമേലി