
ഡോ. സി.എച്ച്.സുരേഷ് രാജ്യത്തിന് അഭിമാനം
കോട്ടയം: നാട്ടിൻപ്പുറത്ത് ജനനം. പഠനം സർക്കാർ സ്കൂളിൽ. ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ഏഴുതവണ ഇടംപിടിച്ചെന്ന അപൂർവ നേട്ടം. ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കിടയിലും ഗവേണഷങ്ങൾക്കായി സമയം നീക്കിവച്ചാണ് ഡോ. സി.എച്ച്.സുരേഷിന്റെ കഠിനാദ്ധ്വാനം.
കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും തിരുവനന്തപുരം സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയുടെ കെമിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗം ചീഫ് സയന്റിസ്റ്റുമാണ് ഡോ. സി.എച്ച്.സുരേഷ്. ഇതിനോടകം 260 ഗവേഷണ പ്രബന്ധങ്ങൾ പൂർത്തിയാക്കി. പ്രതിവർഷം ശരാശരി 10 ഗവേഷണ പ്രബന്ധങ്ങൾ എന്നതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവറുമാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചെറുമുട്ടത്ത് പി.സി.ഹരിഹരൻ നായർ- ലീലാമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഇടക്കുന്നം ഗവ. ഹൈസ്കൂളിൽലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് യാത്ര രസതന്ത്രത്തിനൊപ്പമായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷം ഗവേഷണ പാതയിലേയ്ക്ക് തിരിഞ്ഞു. പൂനെ സാവിത്രിഭായ് ഫൂലെ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടി. കമ്പ്യൂട്ടേഷണൽ കെമിസ്ട്രി, തിയററ്റിക്കൽ കെമിസ്ട്രി മേഖലകളിൽ 260 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഡോ. കെ.പി.വിജയലക്ഷ്മി (വിക്രം സാരാഭായി സ്‌പേസ് സെന്റർ ശാസ്ത്രജ്ഞ). മക്കൾ: ഹരിശങ്കർ, റാം ശങ്കർ.
അഭിമാനമുണ്ട്. തുടർച്ചയായി പട്ടികയിൽ ഇടംപിടിക്കുകയെന്നത് വെല്ലുവിളിയാണ്.
- ഡോ. സി.എച്ച്.സുരേഷ്
മലയാളം പഠിച്ചാലും ശാസ്ത്രജ്ഞനാവാം
ശാസ്ത്ര ലോകത്തെ കൗതുകങ്ങൾ അറിയാൻ കൂടുതൽ ഗവേഷകർ നമ്മുടെ നാട്ടിലുണ്ടാവണമെന്നും അനുകൂലമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തിന്റെ ഉപയോക്താക്കളാകുന്നതിന് പകരം സംഭാവന ചെയ്യുന്നവരായി മാറണം. അതിന് ക്ഷമയും കഠിനാദ്ധ്വാനവും അത്യാവശ്യമാണ്. നമ്മുടെ പെൺകുട്ടികൾ ഇക്കാര്യത്തിൽ മുന്നിലാണ്. വരുംകാലത്ത് ഈ മേഖല വനിതകളുടെ കുത്തകയാവും. മലയാളം മീഡിയത്തിൽ പഠിച്ചതുകൊണ്ട് ശാസ്ത്രജ്ഞനാവാൻ ബുദ്ധിമുട്ടില്ല. ജപ്പാനിൽ ജാപ്പനീസ് ഭാഷയിലാണ് എല്ലാ പഠനവും. എവിടെ പഠിച്ചു എന്നതല്ല, ജീവിതത്തിന്റെ പഠനഘട്ടത്തിലുണ്ടാവുന്ന ശാസ്ത്ര വെളിപാടാണ് ഓരോ ഗവേഷകരേയും ജനിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.