nel

കോട്ടയം : നെല്ല് സംഭരിക്കാതെയുള്ള സ്വകാര്യ മില്ലുകളുടെ കടുംപിടുത്തത്തിൽ സ‌ർക്കാർ കാഴ്ചക്കാരാകുമ്പോൾ കണ്ണീരൊഴുക്കി കർഷകർ. മഴയിൽ കുതിർന്ന നെല്ല് എങ്ങനെ വിറ്റഴിക്കുമെന്ന് അറിയാതെ പലരും നിസ്സഹായരാണ്.

നെല്ല് - അരി അനുപാതം സംബന്ധിച്ച് തർക്കം തുടരവേ സപ്ളൈകോ നിഷ്ക്കർഷിച്ച 68 കിലോ അരി ലഭിക്കുമെന്നതിനാൽ അനാവശ്യകിഴിവും ആനുകൂല്യങ്ങളും കരസ്ഥമാക്കാനുള്ള തന്ത്രമാണ് മില്ലുകാർ പയറ്റുന്നത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലും പ്രശ്നത്തിന് പരിഹാരം അകലെയാണ്. ചില മില്ലുടമകളെ ഒപ്പംനിറുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും മുൻകാല ഉറപ്പുകൾ പാലിക്കാത്തതിനാൽ സംഭരണത്തിന് തങ്ങളില്ലെന്ന് അവരും അറിയിക്കുകയായിരുന്നു.

ആവശ്യത്തിന് സർക്കാർ മില്ലുകളോ ഗോഡൗണോ ഇല്ലാത്തതിനാൽ സ്വകാര്യമില്ലുകളെ ആശ്രയിക്കുകയേ കർഷർക്ക് നിർവാഹമുള്ളൂ. ഇതാണ് വിലപേശലിന് ഇടയാക്കുന്നത്. ഇനി മില്ലുടമകളുമായി കരാർ ഒപ്പിട്ടാലും ബാങ്ക് ഗ്യാരന്റി നൽകി നെല്ല് സംഭരിക്കാനുള്ള പാടശേഖരങ്ങൾ അലോട്ട് ചെയ്ത് നൽകണം. നടപടികൾ പൂർത്തിയാക്കി സംഭരണം ആരംഭിക്കുന്നതിന് ഏറെ സമയമെടുക്കും. അതുവരെ കൊയ്ത നെല്ല് സംരക്ഷിക്കുകയാണ് വെല്ലുവിളി.

17 കിലോ കിഴിവ്, ചെലവ് കാശ് കിട്ടില്ല

അപ്പർ കുട്ടനാടൻ മേഖലയിൽ കൊയ്‌ത്ത് സജീവമാകേണ്ട സമയമാണ്. കൊയ്യാതിരുന്നാൽ നെല്ല് നശിക്കും, കൊയ്താൽ നെല്ല് നനയാതെ ഉണക്കി സൂക്ഷിക്കണം. തുലാ മഴ തുടരുന്നതിനാൽ ഇത് സാധിക്കില്ല. നെല്ലിൽ നനവ് കണ്ടാൽ കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് മില്ലുകൾ വില കുറയ്ക്കും. 2026 വരെ എഗ്രിമെന്റുള്ള ഒരു മില്ല് 17 കിലോ കിഴിവ് ആവശ്യപ്പെട്ടാണ് ഇപ്പോൾ സംഭരണം നടത്തുന്നത്. ചെലവ് കാശ് പോലും കിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. നെൽകൃഷി ചെലവിൽ 70 ശതമാനവും കൂലിച്ചെലവാണ്. കേരളത്തിന് പുറത്ത് 15000 - 20000 രൂപ വരെ കൂലി ചെലവാകുന്ന സ്ഥാനത്ത് കേരളത്തിൽ ഇത് 30000മുതൽ - 50000 വരെയാണ്.

വിത്ത് കിട്ടിയില്ലേൽ വിതയും മുടങ്ങും

ദിവസങ്ങളോളം പാടത്ത് നെല്ല് കൂട്ടിയിടേണ്ടി വരുന്ന സാഹചര്യം തുലാവർഷത്തിൽ നെല്ലിന്റെ ഈർപ്പത്തോത് കൂട്ടാനും കിളിർപ്പിനും കാരണമാകും

.മൂടിയിട്ടിരിക്കുന്ന നെല്ല് എല്ലാ ദിവസവും വെയിലിൽ നിരത്തി ഉണക്കിയും ഇളക്കിയും മറിച്ചുമിട്ടും ദിവസങ്ങളായി പാടത്തുതന്നെ സമയം ചെലവഴിക്കേണ്ട ഗതികേടിലാണ് കർഷകർ

മില്ലുകാർ ആവശ്യപ്പെടുന്ന ഇളവിനും ജി.എസ്.ടിക്കും സർക്കാർ വഴങ്ങിയാൽപ്പോലും മില്ലുകാരെ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്താനും സപ്ളൈകോയുമായി കരാറുണ്ടാക്കാനും ഇനിയും സമയമെടുക്കും

 പുഞ്ചക്കൃഷിയുടെ വിതയ്ക്കുള്ള നെൽവിത്ത് എത്താത്തതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പുഞ്ചപ്പാടങ്ങളിലും കായൽ നിലങ്ങളും മോട്ടോർ വച്ച് വെള്ളം വറ്റിച്ചെങ്കിലും വിത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല

''നെല്ല് സംഭരിക്കാൻ തയ്യാറാകാതെ മില്ലുടമകൾ ഒന്നിച്ച് നിൽക്കുന്നത് ആദ്യമാണ്. സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണ്. പ്രശ്നപരിഹാരത്തിന് മില്ലുടമകൾക്ക് മുന്നിൽ കീഴടങ്ങുകയേ മാർഗമുള്ളൂ.

-രാജ് മോഹൻ (നെൽകർഷകൻ )