vn-th

കോട്ടയം: പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് രണ്ടുവർഷം കഠിന തടവും 5000രൂപ പിഴയും ശിക്ഷ വിധിച്ചു. അയ്മനം മങ്കിയേൽ പടി വീട്ടിൽ വിനീത് (36 ) നെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.അനന്തകൃഷ്ണൻ ശിക്ഷിച്ചത്. 2015 ഏപ്രിൽ 14 ന് രാത്രി കോട്ടയം ശീമാട്ടി റൗണ്ട് ഭാഗത്തെ തട്ടുകടയിലാണ് സംഭവം. ഇവിടെ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രതികൾ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി റോബിൻ കെ. നീലിയറ ഹാജരായി.