
തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പത്തു വോട്ട് പെട്ടിയിലാക്കാൻ നെല്ലിന്റെയും റബറിന്റെയും താങ്ങുവില സർക്കാർ ഉയർത്തിയിട്ടും ചുറ്റുവട്ടത്തുള്ള കർഷകരുടെ കണ്ണീർ തോരുന്നില്ല. ആലിൻകായ പഴുക്കുമ്പം കാക്കയ്ക്ക് വായ് പുണ്ണെന്നു പറഞ്ഞതുപോലെ നെല്ലിന് വില കൂട്ടിയിട്ടും സ്വകാര്യ മില്ലുകാർ ഉടക്കിട്ട് സംഭരിക്കാതെ മാറിനിൽക്കുകയാണ്. നെല്ല് നശിക്കുന്നതിനൊപ്പം വില കൂട്ടിയതിന്റെ പ്രയോജനവും ഇതോടെ കർഷകർക്കില്ലാതാകും. റബർ തറവില 180ൽ നിന്ന് 200 ആക്കിയെങ്കിലും ഇത് യാഥാർത്മാത്ഥ്യമാകില്ലെന്ന് കരുതി രജിസ്ടേഷൻ പുതുക്കാത്തവർക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും.
റബർ താങ്ങുവില 250 ആക്കുമെന്നായിരുന്നു അഞ്ചുവർഷം മുമ്പ് ഇടതുമുന്നണി പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിരുന്നത്. നടക്കാത്ത സുന്ദര സ്വപ്നമെന്ന് കരുതിയിട്ടും തിരഞ്ഞെടുപ്പ് അടുത്തതോടെ 20 രൂപ ഉയർത്തി. ഇതു തങ്ങളുടെ ക്രെഡിറ്റിലാക്കാൻ കേരള കോൺഗ്രസ് മാണിഗ്രൂപ്പ് രംഗത്തുണ്ടെങ്കിലും സെപ്തംബർ 30 ന് രജിസ്ട്രേഷൻ പുതുക്കിയവർക്ക് മാത്രമേ അർഹതയുള്ളൂ. സ്ഥിരമായി രജിസ്ടേഷൻ പുതുക്കിവന്നവർക്കും വലിയ തുക കുടിശിക കിട്ടാനുള്ളതിനാൽ രജിസ്ട്രഷൻ പുതുക്കാത്തവരാണ് കൂടുതലും. ഇതോടെ കർഷകർക്ക് പ്രയോ ജനമില്ലാത്ത അവസ്ഥയായി.
നെല്ലിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെ. 28.രൂപ 20 പൈസയിൽ നിന്ന് 30 രൂപയാക്കിയാണ് താങ്ങു വില ഉയർത്തിയത്. കിലോയ്ക്ക് ഒരു രൂപ എൺപതു പൈസയുടെ വർദ്ധനവ് ഉണ്ടായെങ്കിലും നെല്ല് സംഭരിക്കാൻ മില്ലുകൾ എത്താത്തതിനാൽ കൂടിയ വില കിട്ടിയില്ലെങ്കിലും വേണ്ടില്ല നെല്ല് നനഞ്ഞു കുതിർന്ന് മില്ലുകാർ എടുക്കാത്ത ദു:സ്ഥിതി ഉണ്ടാകരുതേയെന്നാണ് കർഷകർ പറയുന്നത്. കൊയ്ത് കൂട്ടിയ നെല്ല് പാടത്തുകിടന്ന് നശിക്കാതിരിക്കാൻ മില്ലുകൾ പറയുന്ന കിഴിവിന് കൊടുക്കയേ നിർവാഹമുള്ളൂ.
സ്വകാര്യ മില്ലുകൾക്ക് കൂച്ചുവിലങ്ങിടുമെന്ന സർക്കാർ പ്രഖ്യാപനവും യാഥാർത്ഥ്യമായിട്ടില്ല. ഒന്നോ രണ്ടോ മില്ലുകൾ സർക്കാർ തുടങ്ങിയാലും എത്ര നെല്ല് സംഭരിക്കാൻ കഴിയും ? നനഞ്ഞു നശിക്കാതിരിക്കാൻ ഗോഡൗൺ സൗകര്യവുമില്ല. സ്വകാര്യ മില്ലുകൾ 100 കിലോ നെല്ല് കുത്തിയാൽ വേണമെങ്കിൽ 64.5 കിലോ അരി തരാം, കേന്ദ്ര സർക്കാർ പറയുന്ന 68 കിലോയൊന്നും തരാൻ പറ്റില്ലെന്ന് പ്രഖ്യാപിച്ച് മില്ലുടമകൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഈ തറവേല മുൻകൂട്ടിക്കണ്ട് പ്രായോഗിക നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയാതെ പോയി. റബർമുതലാളിമാർക്ക് വേണ്ടി വാദിക്കാൻ സകല പാർട്ടികളുമുണ്ട്. അതിന്റെ പതിന്മടങ്ങ് വരുന്ന പാവപ്പെട്ട നെൽകർഷകർക്കായി ആരുമില്ലേ എന്നു ചോദിച്ചു പോകുകയാണ് ചുറ്റുവട്ടം.