
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, സ്ഥാനാർത്ഥികളിൽ ചിലർ കളത്തിലിറങ്ങി. സീറ്റ് കിട്ടാൻ സർവ അടവും പയറ്റുന്നവർ, സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ മറുകണ്ടം ചാടുമെന്ന ഭീഷണിയുമായി വേറെ ചിലർ. പറ്റിയ ആളിനെ മത്സരിപ്പിക്കാൻ ചില പാർട്ടി നേതാക്കളും. നാട്ടിൻപുറങ്ങളിൽ പരസ്യമായും രഹസ്യമായും തിരഞ്ഞെടുപ്പ് അങ്കം തുടങ്ങി. ഈരാറ്റുപേട്ട നഗരസഭയിലും തിടനാട്, എലിക്കുളം പഞ്ചായത്തുകളിലും ചിഹ്നം രേഖപ്പെടുത്തി ഫ്ളക്സ് ബോർഡുകൾ വരെ ഉയർന്നു. മറ്റു ചിലയിടങ്ങളിൽ ചിഹ്നമില്ലാത്ത സ്വന്തം മുഖത്തോട് കൂടിയ ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ വികസന പദ്ധതികൾ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചവരുമുണ്ട്. പാർട്ടിയുടെയും മുന്നണിയുടെയും അനുമതി ലഭിച്ചാൽ ഉടൻ ചിഹ്നം ഉൾപ്പെടുന്ന പോസ്റ്റ് തയ്യാറാക്കും. ഇവരിൽ പലരും ഇതിനോടകം വീടുകൾ കയറിയുള്ള പ്രവർത്തനം തുടങ്ങി.
ജില്ലാ പഞ്ചായത്തിൽ സമ്മർദ്ദം
ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ സമ്മർദ്ദതന്ത്രത്തിലൂടെ സീറ്റൊപ്പിക്കാൻ മുതിർന്ന നേതാക്കൾ വരെ പെടാപ്പാട് പെടുകയാണ്. മത്സരിക്കാൻ താത്പര്യമുള്ള സീറ്റ് ഇതിനോടകം നേതൃത്വത്തെ അറിയിച്ചവരുമുണ്ട്. പഞ്ചായത്തുതലത്തിൽ, വിമതനായി മത്സരിക്കുമെന്ന ഭീഷണിയോടെയാണ് പലരും സീറ്റിനായി ബലം പിടിക്കുന്നത്. വാർഡിൽ അല്പം സ്വാധീനമുള്ളവരാണ് ഇവർ. എന്നാൽ പാർട്ടിയിൽ സ്വാധീനമുള്ളത് വേറെ ആർക്കുമെങ്കിലുമാണ്. അവർക്ക് സീറ്റ് നൽകാതിരിക്കാനുമാകില്ല.
സ്ഥാനാർത്ഥികൾക്കും നെട്ടോട്ടം
ചില വാർഡുകളിൽ സ്ഥാനാർത്ഥികൾക്കായി മുന്നണികൾ നെട്ടോട്ടത്തിലാണ്. അപ്രതീക്ഷിതമായി സംവരണമായി മാറിയ വാർഡുകളിലും ജയസാദ്ധ്യത കുറഞ്ഞ വാർഡുകളിലുമാണ് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ പോലും ആരെയും ലഭിക്കാത്തത്. പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് മത്സരത്തിനു പലരെയും പ്രേരിപ്പിക്കുന്നത്.
മുന്നണികളുടെ നെഞ്ചിപ്പേറ്റുന്നത്
വിമത ഭീഷണി, സൗഹൃദ മത്സരം
ജനറൽ സീറ്റിലേയ്ക്ക് വനിതകൾ രംഗത്ത്
സീറ്റ് കൊടുത്തില്ലെങ്കിൽ കാലുവാരൽ
അനുനയ ചർച്ചകൾക്കായി സമയം കളയണം