പാലാ: സഹോദരന്റെ ജീവൻ നിലനിറുത്താൻ സ്വന്തം വൃക്ക നൽകി വൈദികൻ. പാലാ മീനച്ചിൽ സ്വദേശിയും സലേഷ്യൻ സഭാംഗവുമായ ഫാ.ജോർജ് താന്നിക്കലാണ് തന്റെ കൊച്ചനുജനും പാലാ സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലുമായ ഡോ.ടി.സി.തങ്കച്ചന് വൃക്ക നൽകിയത്. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലായിരുന്നു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. അനുജന് ജീവിതം മുന്നോട്ടുപോകാൻ ഒരു വൃക്ക മാറ്റിവച്ചേ തീരൂ എന്നായപ്പോൾ ഫാ.ജോർജിന് പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. യോജ്യമാണെങ്കിൽ ദാനം നൽകാൻ തന്റെ വൃക്കയുണ്ടല്ലോ എന്നായിരുന്നു ഫാ.ജോർജിന്റെ തീരുമാനം.ബിഷപ്പ് ജേക്കബ് മുരിക്കൻ തന്റെ ഒരു വൃക്ക ദാനം ചെയ്ത് അജഗണങ്ങൾക്ക് ഉദാത്ത മാതൃക കാട്ടിയതും ഫാ.ജോർജ്ജിന്റെ മനസിലേക്ക് വന്നു. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചിക്ഷണനും സിറോ മലബാർ സഭ എഡ്യൂക്കേഷൻ കമ്മറ്റി സെക്രട്ടറിയുമായ ഡോ.ടി സി തങ്കച്ചൻ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ക രോഗത്താൽ വലയുകയായിരുന്നു. പ്രമേഹം മൂർച്ഛിച്ചതിനെതുടർന്നുണ്ടായ പ്രശ്നങ്ങളാണ് വൃക്ക മാറ്റിവയ്ക്കലിലേക്ക് നയിച്ചത്. നാലു ദിവസത്തിന് ശേഷം ഫാ.ജോർജ് ആശുപത്രി വിടും. ഡോ.ടി.സി തങ്കച്ചൻ ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരും.

അനുഗ്രഹം തേടി...
ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസം മുൻപ് തന്നെ ഫാ.ജോർജ് താന്നിക്കലും അനുജൻ ഡോ.ടി.സി തങ്കച്ചനും പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് അനുഗ്രഹം തേടിയിരുന്നു. ബംഗളൂരു ക്രിസ്തുജ്യോതി കോളേജിൽ പ്രൊഫസറണ് റോമിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ.ജോർജ് താന്നിക്കൽ.