ചങ്ങനാശേരി: ലഹരി എന്ന വിപത്തിനെതിരായ സന്ദേശമുയർത്തി സർഗക്ഷേത്ര സ്‌പോർട്‌സ് ആൻഡ് വെൽനെസ്സ് ഫോറം സംഘടിപ്പിക്കുന്ന ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട് ചങ്ങനാശേരി മാരത്തൺ സീസൺ ഫോർ 30ന് നടക്കും. മാരത്തണിന്റെ ബ്രാൻഡ് അംബാസഡറായ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് വിളംബര ദീപം തെളിയിക്കുകയും മാരത്തണിനോടനുബന്ധിച്ചുള്ള ബഹുജന ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം, സംഘാടക സമിതി ചെയർമാൻ സിബിച്ചൻ താരകൻപറമ്പിൽ, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, വി.ജി ജേക്കബ് എന്നിവർ പങ്കെടുത്തു. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 3 കിലോമീറ്റർ ഫൺ റൺ, കിഡ്‌സ് റേസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തൺ മത്സരം. 30ന് രാവിലെ 5ന് 21 കിലോമീറ്റർ മാരത്തൺ ക്രിസ്തുജ്യോതി കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കും. 10 കിലോമീറ്റർ മാരത്തൺ രാവിലെ 5.30നും, 3 കിലോമീറ്റർ മാരത്തൺ രാവിലെ 7നും ഇതേ ഗ്രൗണ്ടിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. കിഡ്‌സ് റേസ് രാവിലെ 6.30ന് സർഗക്ഷേത്രയിൽ നിന്ന് ആരംഭിച്ച് മുന്തിരികവല വഴിയുള്ള റൂട്ടിലൂടെ ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽ സമാപിക്കും. മാരത്തണിന്റെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. മാരത്തണിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടണം.ഫോൺ: 8714012930, 9747131650.