കോട്ടയം: കൃഷിമന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ കുട്ടനാട്ടിൽ രണ്ടു സ്വകാര്യമില്ലുകൾ നെല്ല് സംഭരിക്കാൻ തയ്യാറായെങ്കിലും കോട്ടയം ഉൾപ്പെടുന്ന അപ്പർകുട്ടനാടൻ മേഖലയിൽ ഒരു മില്ലു പോലും നെല്ലെടുക്കാൻ എത്താത്തതിനാൽ കൊയ്തു വൈകിപ്പിക്കാൻ നിർബന്ധിതരായി കർഷകർ. മഴയിലും കാറ്റിലും നെൽ മണികൾ നഷ്ടപ്പെടുന്നതിനു പുറമേ സമയത്തു കൊയ്യുന്നില്ലെങ്കിൽ പതിരും കൂടുമെന്നതിനാൽ 'കൊയ്യാതെ വയ്യ' എന്ന അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് കർഷകർ.
53 മില്ലുകൾ സപ്ലൈക്കോയുമായി കരാറുണ്ടാക്കിയിട്ടുണ്ടെങ്കിലും നിലവിൽ മൂന്നു മില്ലുകൾ മാത്രമാണ് സംഭരണത്തിലുള്ളത്. സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി കൂടുതൽ മില്ലുകളുമായി കരാറിന് സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും മില്ലുകൾ ഉറച്ച നിലപാടിൽ നിൽക്കുന്നതിനാൽ പ്രയോജനം ഉണ്ടാകുന്നില്ല.
100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 68 കിലോ തിരിച്ചു നൽകണമെന്ന സർക്കാർ നിബന്ധന തങ്ങൾക്ക് നഷ്ടമാകുമെന്നതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് മില്ലുടമകളുടെ നിലപാട് .64. 5 കിലോ അരി തിരിച്ചു നൽകാമെന്ന ഡിമാൻഡിനു പകരം 65.5 കിലോ അരി എന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായെങ്കിലും മില്ലുകൾ അംഗീകരിച്ചില്ല. രണ്ടര കിലോ അരിയുടെ പേരിലുള്ള കടുംപിടുത്തം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്.
അയ്മനം, വെച്ചൂർ, ആർപ്പുക്കര പാടശേഖരങ്ങളിൽ കൊയ്തു കഴിഞ്ഞെങ്കിലും നെല്ല് സംഭരിക്കാതെ പാടത്തു പടുതയിട്ടു മൂടിയ നിലയിലാണ്. നനവുണ്ടാകാതിരിക്കാൻ ദിവസവും ഉണക്കി സൂക്ഷിക്കുന്നുണ്ടെങ്കിലും നെല്ലിന്റെ തൂക്കം കുറയുകയാണ്.സംഭരണം എന്നു തുടങ്ങുമെന്നു പറയാനും സപ്ലൈക്കോക്ക് കഴിയുന്നില്ല. മില്ലുകൾ കടും പിടുത്തം തുടർന്നാൽ ഗോഡൗൺ വാടകയ്ക്ക് എടുത്ത് നെല്ല് സൂക്ഷിക്കുമെന്നും സർക്കാർ സംഭരിക്കുമെന്നും കൃഷി മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടക്കില്ലെന്നറിയാവുന്ന മില്ലുകൾ തങ്ങളുടെ കടുംപിടുത്തം അംഗീകരിച്ച് സർക്കാർ കീഴടങ്ങുമെന്ന വിശ്വാസത്തിലാണ്.
സമരം ചെയ്തിട്ടും രക്ഷയില്ല
സപ്ലൈക്കോ ,പാഡി ഓഫീസുകൾക്കു മുന്നിൽ സമരവുമായി നെൽകർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാരം നീളുകയാണ്. മില്ലുകളുടെ ആവശ്യത്തിന് സർക്കാർ ഇനി വഴങ്ങിയാലും വിവിധ പാടശേഖരങ്ങൾ വിവിധ മില്ലുകൾക്ക് വീതിച്ചു നൽകി സംഭരണം ആരംഭിക്കാൻ കാല താമസമെടുക്കുമെന്നതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.
എല്ലാ വർഷവും നെല്ല് സംഭരണം പ്രശ്നമായിട്ടും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയാത്തതിന്റെ രോഷത്തിലാണ് കർഷകർ. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ നെൽകർഷക പ്രശ്ന പരിഹാരം നീളുന്നത് ഇടതുമുന്നണിക്ക് തല വേദനയുമാണ് .