കോട്ടയം: ഓർഡർ ചെയ്ത ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയെന്ന പരാതിയിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. അതിരമ്പുഴ മൂപ്പൻസ് ഹോട്ടൽ 50,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം. ബിരിയാണിയുടെ വില തിരികെ നൽകാനും 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും സൊമാറ്റോയോടും അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റും അഡ്വ ആർ. ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
ഏറ്റുമാനൂർ സ്വദേശി വിഷ്ണുവാണ് പരാതിക്കാരൻ. മൂപ്പൻസ് ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത മുട്ട ബിരിയാണിയിൽ നിന്നു ചത്ത പഴുതാരയെ കിട്ടിയെന്നാണ് പരാതി.
പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് ഇ-മെയിൽ വഴി അറിയിച്ചെങ്കിലും പണം ലഭിച്ചില്ല. തുടർന്നാണ് പരാതി നൽകിയത്.