കോട്ടയം: ഇത്തവത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മൂന്ന് അവാർഡ് നേട്ടങ്ങളുടെ തിളക്കത്തിലാണ് ജില്ല. അവലംബിത തിരക്കഥയ്‌ക്ക് ഏറ്റുമാനൂർ സ്വദേശിയായ ലാജോ ജോസ്, മികച്ച ഗായികയ്‌ക്ക് സെബാ ടോമി, ഡബ്ബിംഗിന് വൈക്കം ഭാസി എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്.
ലാജോയുടെ ആദ്യ തിരക്കഥ
ആദ്യതിരക്കഥയാണ് ബോഗയ്ൻ വില്ലയുടെതെന്നും അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലാജോ ജോസ് പറഞ്ഞു. കോഫി ഹൗസ്, റൂത്തിന്റെ ലോകം, ഹൈഡ്രേഞ്ചിയ, റെസ്റ്റ് ഇൻ പീസ്, കന്യാ മരിയ എന്നിവയാണ് പ്രധാന രചനകൾ. റൂത്തിന്റെ ലോകം വായിച്ച സംവിധായകൻ അമൽ നീരദ് വിളിച്ചതോടെ ബോഗയ്ൻവില്ലയുടെ തിരക്കഥ പിറവിയെടുത്തു. മാടപ്പാട് വേമ്പേനിക്കൽ കുടുംബാംഗം. ഏറ്റുമാനൂർ പേരൂർ കവലയ്ക്ക് സമീപമാണ് താമസം. ഭാര്യ:സരിത എൽ.ഐ.സി ഡവലപ്‌മെന്റ് ഓഫീസർ. അൽവിന (പ്ലസ്ടു ), ആര്യൻ (ഏഴാംക്ലാസ് ) എന്നിവരാണ് മക്കൾ.
വിശ്വസിക്കാനാകാതെ വൈക്കം ഭാസി
പ്രോഗ്രാം കഴിഞ്ഞ് ക്ഷീണതിനായി ഉറങ്ങുകയായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ ഫോൺ കോളിലൂടെയാണ് അവാർഡ് വിവരം അറിഞ്ഞത്. ആദ്യം ഞെട്ടലായിരുന്നു. - മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രീഡി ഫാന്റസി ചിത്രം ബറോസിൽ ത്രീഡി സങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വൂടുവെന്ന അനിമേഷൻ ക്യാരക്ടറിന് ശബ്ദം കൊടുത്തതിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയ വൈക്കം ഭാസി പറഞ്ഞു. 20 വർഷമായി സ്‌റ്റേജ് പ്രോഗ്രാമുകളിലും മിമിക്രി കലവേദിയിലും ചെലവഴിച്ച ഭാസിക്ക് റിയാലിറ്റി ഷോയാണ് വഴിതിരിവായത്. ബറോസ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായ ടി.കെ രാജീവ് കുമാറാണ് ഭാസിയെ കൊണ്ടുവന്നത്. അനിമേഷൻ ക്യാരക്ടർ ഡബ്ബ് ചെയ്ത വിഡിയോ മോഹൻലാലിന് അയച്ചു നൽകിയിരുന്നു. ഇത് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് വൂടുവിന് ശബ്ദം നൽകാൻ ഭാസിയെ തിരഞ്ഞെടുത്തത്. വൈക്കം തലയാഴം തോട്ടകത്താണ് താമസം. പിതാവ് പരേതനായ വേലപ്പൻ. മാതാവ്: കനകമ്മ.സഹോദരൻ: സന്തോഷ്. ഭാര്യ: ഷീജ. മകൻ:ആയുഷ്.
ഹാപ്പിയാണ് സെബ
പ്രതീക്ഷിച്ചിരുന്നില്ല, അപ്രതീക്ഷതമായാണ് അവാർഡ് ലഭിച്ചത്. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സെബാ ടോമി. അംഅ എന്ന സിനിമയിലെ ആരോരും പേരിടാത്ത എന്ന പാട്ടിനാണ് അവാർഡ് ലഭിച്ചത്. ലോകയിലെ ക്യൂൻ ഓഫ് ദ നൈറ്റ് എന്ന ഗാനം എഴുതിയതും പാടിയതും സെബയാണ്. 20 ഭാഷകളിൽ പാട്ടുകൾ പാടിയിട്ടുണ്ട്. സെബാ ടോമി എന്ന ബാൻഡുമുണ്ട്. എ.ആർ റഹ്മാന്റെ സംഗീതത്തിൽ പാട്ടുകൾ പാടണമെന്നാണ് ആഗ്രഹം. ചങ്ങനാശേരി നാലുകോടി സ്വദേശിയാണ്. നിലവിൽ കളത്തിപ്പടിയിലാണ് താമസം. വലിയ പറമ്പിൽ ടോമി ജോസഫ് (ബിസിനസ് നെറ്റ്വർക്കിംഗ് ഇന്റർനാഷണൽ കോട്ടയം എക്‌സിക്യൂട്ടീവ് ഡയറക്ടർ) ആണ് പിതാവ്. മാതാവ്: റെനി. സഹോദരി: ആൻ (അമേരിക്ക). രാജഗിരി സ്‌കൂളിലായിരുന്നു പഠനം. തേവര എസ്.എച്ച് കോളേജിലെ യൂണിവേഴ്‌സിറ്റി വിന്നർ. നിലവിൽ മുംബൈയിലാണ്. അടുത്തയാഴ്ച്ച നാട്ടിലെത്തും.