
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ജില്ലാ പഞ്ചായത്തിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകൾ രംഗത്ത്. സീറ്റുകളുടെ എണ്ണം 22 ൽ നിന്ന് 23 ആയെങ്കിലും 13 ഉം സംവരണമാണ്. യു.ഡിഎഫ് വിട്ട് മാണിഗ്രൂപ്പ് എൽ.ഡിഎഫിൽ എത്തിയത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു. ജില്ലാ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലും, നഗരസഭകളിലും ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചത് മാണി ഗ്രൂപ്പിന്റെ വരവോടെയാണ്. 22 അംഗ ജില്ലാ പഞ്ചായത്തിൽ സി.പി.എം : 9, മാണി ഗ്രൂപ്പ് : 9 , സി.പി.ഐ : 4 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. 23 സീറ്റായി വർദ്ധിപ്പിച്ചതോടെ പുതിയ ഡിവിഷൻ തങ്ങളുടെ ശക്തികേന്ദ്രത്തിലായതിനാൽ മിനിമം 10 സീറ്റ് വേണമെന്നാണ് മാണിഗ്രൂപ്പ് ആവശ്യം. സി.പി.എമ്മും 10 സീറ്റ് വേണമെന്ന നിലപാടിലാണെങ്കിലും മാണി ഗ്രൂപ്പിനെ പിണക്കാതുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന. അതേസമയം സി.പി.ഐയും കൂടുതൽ സീറ്റിന് അവകാശവാദം ഉയർത്തിയിട്ടുണ്ട്.
ലീഗിനും വേണം ഒരുസീറ്റ്
യു.ഡി.എഫിൽ കോൺഗ്രസും ജോസഫ് ഗ്രൂപ്പും മാത്രമായിരുന്നു കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് സീറ്റുകൾ വീതം വച്ചത്. മുസ്ലിം ലീഗ് ഒരു സീറ്റിനായി അവകാശം ഉന്നയിച്ചിരുന്നെങ്കിലും അവസാനം പിന്മാറി. ഒരു സീറ്റ് കൂടിയ സാഹചര്യത്തിൽ എരുമേലി, മുണ്ടക്കയം സീറ്റുകളിലൊന്ന് വേണമെന്ന കടുത്ത നിലപാടിലാണ് ഇത്തവണ ലീഗ്. ജോസഫ് ഗ്രൂപ്പിന് കൂടുതൽ സീറ്റ് നൽകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ എതിർപ്പുണ്ട് . ഇത് മുന്നിൽക്കണ്ട് സീറ്റ് വിഭജനത്തിന് മുൻപേ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളെ നിർണയിച്ചത് തുടക്കത്തിലേ കല്ലുകടിയായി.
6 സീറ്റ് പിടിക്കുമെന്ന് ബി.ജെ.പി
ജില്ലാ പഞ്ചായത്തിൽ ബി.ജെ.പിയ്ക്ക് സീറ്റില്ലായിരുന്നു. ജനപക്ഷം ബി.ജെ.പിയിൽ ലയിച്ചതോടെ ഷോൺ ജോർജ് വഴി ബി.ജെ.പിക്ക് ഒരു അംഗമായി. ജില്ലാ കമ്മിറ്റി ഈസ്റ്റ്, വെസ്റ്റ് എന്ന് തിരിച്ച ശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ വരെ പ്രതീക്ഷയുണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ അവകാശ വാദം.