tree

കോട്ടയം : നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ചിട്ടും പറമ്പിൽ നിൽക്കുന്ന തടിക്ക് എന്താണ് വിലകിട്ടാത്തത് ? തടിയ്ക്ക് ഡിമാൻഡ് കൂടിയിട്ടും കച്ചവടക്കാർ വിലയിടിക്കുമ്പോൾ കിട്ടുന്ന കാശിന് വെട്ടിക്കൊടുക്കേണ്ട സ്ഥിതിയിലാണ് അത്യാവശ്യക്കാർ. എന്നാൽ തേക്ക്, ആഞ്ഞിലി, പ്ളാവ് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ സാധാരണക്കാരന്റെ പറമ്പിലുള്ള തടി ചുളുവിലയ്ക്ക് കൊണ്ടുപോവുകയാണ് കച്ചവടക്കാർ. തടി വിലയെക്കുറിച്ചുള്ള അജ്ഞതയാണ് ഒരുവിഭാഗം ചൂഷണം ചെയ്യുന്നത്. ഇരുമ്പും അലുമിനിയവും മറ്റുമുപയോഗിച്ചുള്ള കട്ടിളകളും ജനലുകളും നിർമ്മിക്കുന്ന രീതി കുറെക്കാലമായി വലിയ പ്രചാരം നേടിയെങ്കിലും തടിയുടെ ഉപയോഗത്തെ കാര്യമായി ബാധിച്ചില്ല. പ്ളാസ്റ്റിക് ഉത്പന്നങ്ങളായ ചിലതരം ബോർഡുകൾ ഉപയോഗിച്ചവർ പോലും പാരിസ്ഥിതിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് തടിയിലേയ്ക്ക് തിരികെ വന്നിരിക്കുകയാണ്. വിദേശത്തുനിന്നുള്ള തടിയുടെ വരവ് കുറഞ്ഞതും തദ്ദേശീയ തടികളുടെ വില വർദ്ധനവിന് കാരണമായി. ജില്ലയിൽ നിന്നുള്ള തടികൾക്ക് മികച്ച ഗുണനിലവാരവും, ദീർഘകാലം നിലനിൽക്കുമെന്നതും പ്രത്യേകതയായതിനാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപകമായി കൊണ്ടു പോകുന്നുണ്ട്. പെരുമ്പാവൂർ, തൃശൂർ കേന്ദ്രീകരിച്ച് വലിയ തോതിൽ ഫർണിച്ചർ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.

ആഡംബര വീടുകൾ കൂടി, തടി ഉപയോഗവും

പത്തു വർഷത്തിനിടെ ജില്ലയിൽ നിർമ്മിച്ചതിൽ 70 ശതമാനം വീടുകളും 1500 സ്ക്വയർ ഫീറ്റിന് മുകളിലാണ്. വീടിന് തടികൊണ്ട് പാനലിംഗും കബോർഡ് വർക്കുമൊക്കെ ചെയ്യുന്നുണ്ട്. തടികൊണ്ടുള്ള ഗൃഹോപകരണങ്ങൾക്കും വിലകൂടി. ആഡംബര വീടുകൾക്ക് തടി ഒഴിച്ചുകൂടാത്ത ഒന്നായി. തടി വാതിലുകളും ജനലുകളുമാണ് സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതെന്ന് ബോദ്ധ്യമായതോടെ പലരും സ്റ്റീലും, ഇരുമ്പും ഒഴിവാക്കുകയാണ്. മില്ലുകളിലോ, കച്ചവടക്കാരിൽ നിന്നോ സാധാരണക്കാർ തടി വാങ്ങണമെങ്കിൽ വലിയ വില കൊടുക്കണം. എന്നാൽ ഇതിന് ആനുപാതികമായ വില പറമ്പുകളിൽ നിന്ന് തടിവെട്ടുമ്പോൾ നൽകുന്നില്ല.

മരം വിൽക്കുമ്പോൾ

 സ്വയം അളന്ന് തിട്ടപ്പെടുത്തി വില മനസിൽ കാണുക

 കുറഞ്ഞത് നാലു കച്ചവടക്കാരെയെങ്കിലും കാണിക്കുക

 ഉദ്ദേശിച്ച വില ലഭിക്കുന്നില്ലെങ്കിൽ കാരണം തിരക്കുക

വില ഇങ്ങനെ (ക്യുബിക്ക് അടിയ്ക്ക്)
തേക്ക് (60 ഇഞ്ച്) : 2000
തേക്ക് (80 ഇഞ്ച് ): 3500
ആഞ്ഞിലി (60 ഇഞ്ച് ) : 1100
ആഞ്ഞിലി (100 ഇഞ്ച്) : 2000

''തടികളുടെ വില ഇനിയും വർദ്ധിക്കാനുള്ള സാഹചര്യമാണ്. തടി വില്പനയിൽ ഇടനിലക്കാരുടെ ചൂഷണം കൂടുകയാണ്. വലിയതോതിലുള്ള ചീക്ക് രോഗവും തടിയുടെ ലഭ്യതയിൽ കുറവുണ്ടാക്കിയിട്ടുണ്ട്.

-എബി ഐപ്പ് ,പൊതുപ്രവർത്തകൻ