കോട്ടയം: സകല ബിസിനുകളും തകരുമ്പോഴും ജില്ലയിൽ മധുരിപ്പിക്കുന്നൊരു സംരഭമുണ്ട്. പായസക്കട. നാട്ടിൻ പുറത്തും നഗരപ്രദേശങ്ങളിലും ഇവ സ്ഥാനം പിടിക്കുകയാണ്. വിവിധ പായസങ്ങളോടുള്ള മലയാളിയുടെ ഇഷ്ടമാണ് പായസക്കടകളുടെ വിജയത്തിന് പിന്നിൽ. വിവിധ തരത്തിലുള്ള പായസങ്ങൾ, വെറൈറ്റികൾ. ലിറ്ററിലും ഗ്ളാസിലും ഉൾപ്പെടെ വിൽക്കും. ഗ്ളാസിന് 35 രൂപയാണ്. നഗരത്തിൽ എട്ടു കടകളാണുള്ളത്. ഇതിൽ നാലെണ്ണം ആറു മാസത്തിനുള്ളിൽ തുടങ്ങിയതാണ്. ഇതിന് പുറമേ പ്രമുഖ ഹോട്ടലുകളിലും പായസം വിൽക്കാൻ തുടങ്ങി.
ഓണ - വിഷുക്കാലത്ത് പായസമേളകൾ വൻ വിജയമായതോടെയാണ് പതിവായി പായസം വിളമ്പുന്ന കടകളുടെ തുടക്കം. പ്രധാന ക്ഷേത്രങ്ങളുടെ വാതിൽക്കൽ വിശേഷ ദിവസങ്ങളിൽ പായസ വിപണിയുണ്ടായിരുന്നെങ്കിലും പായസക്കടകൾ എന്ന പേരിൽ വിപണി ഉഷാറായി. അവധി ദിനങ്ങളിൽ ഉച്ചയ്ക്ക് മുന്നേ തീരും. ഒരിനം മാത്രം ഒരു കടയിൽ നിന്ന് 100 മുതൽ 150 ലിറ്റർ വരെ വിറ്റുപോകുന്നുണ്ട്. ചൂട് പോവാതെ നിലനിറുത്തുന്ന സംവിധാനങ്ങളോടെയാണ് വില്പന.
വെറൈറ്റി പായസങ്ങൾ
പാലട, സേമിയ, അടപ്രഥമൻ, പരിപ്പ്, ഗോതമ്പ്, പാൽപ്പായസം
പ്രത്യേക അടുക്കളകൾ
എറണാകുളത്ത് നിന്ന് തയ്യാറാക്കി എം.സി റോഡിരികിലെ കടകളിൽ അതിരാവിലെ എത്തിക്കുന്ന സംവിധാനമുണ്ട്. ഇതിന് പുറമേ വ്യക്തികൾ അടുക്കളകളിൽ തയ്യാറാക്കി പായസം എത്തിക്കുന്നുമുണ്ട്. ഇരുന്ന് കുടിക്കാനും പാഴ്സലിനുമുള്ള സംവിധാനം. തെക്കൻ കേരളത്തിൽ ട്രെന്റായ ബോളിയും പായസവും ഇപ്പോൾ കോട്ടയത്തിന്റെയും പ്രിയപ്പെട്ടതായി.