ഏഴാച്ചേരി: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കരുത്ത് ഓരോ കരയോഗങ്ങളിലെയും ശക്തമായ നേതൃത്വമാണെന്ന് യൂണിയൻ കമ്മറ്റിയംഗവും രാമപുരം മേഖലാ കൺവീനറുമായ രാധാകൃഷ്ണൻ ഇടനാട്ടുപറമ്പിൽ പറഞ്ഞു. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തെ തുടർച്ചയായി രണ്ടരപതിറ്റാണ്ടോളം നയിച്ചുവരുന്ന ദേവസ്വം മാനേജർ റ്റി.എൻ. സുകുമാരൻ നായരെ ആദരിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി.ആർ.പ്രകാശ് പെരികിനാലിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ സമുദായ നേതാക്കളായ വി.ജി.ചന്ദ്രൻ, രാജേഷ് കുന്നേൽ, രാജു കുന്നേൽമേപ്പുറത്ത്, പി.ആർ.പ്രകാശ് പെരികിനാലിൽ എന്നിവർ ചേർന്ന് സുകുമാരൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ആർ.പ്രകാശ് മെമന്റോ സമർപ്പിച്ചു. സമ്മേളനത്തിൽ ബി.എ.എം.എസ് പരീക്ഷ ഉയർന്ന മാർക്കോടെ പാസായി ആയൂർവേദ ഡോക്ടറായ ആഷിക രാജിനെയും അനുമോദിച്ചു. ചിത്രലേഖ വിനോദ് പൊന്നാട അണിയിച്ചു. സുകുമാരൻ നായർ പ്രശംസാ ഫലകം നൽകി. സമ്മേളനത്തിൽ ആർ.സുനിൽകുമാർ ആമുഖപ്രസംഗം നടത്തി. കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ചിത്രലേഖ വിനോദ്, സുരേഷ് ലക്ഷ്മിനിവാസ്, ദിലീപ് ആരത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.