ldf

കോട്ടയം : തർക്കങ്ങൾക്ക് അധികം ഇടവരുത്താതെ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫിൽ ധാരണ. കേരള കോൺഗ്രസ് (എം) പത്ത് സീറ്റിലും, സി.പി.എം : 9, സി.പി.ഐ : 4 സീറ്റിലും മത്സരിക്കും. മാണി ഗ്രൂപ്പിന് നൽകിയ പത്തിൽ ഒരു സീറ്റിൽ രണ്ടില ചിഹ്നത്തിന് പകരം പൊതു സ്വതന്ത്രൻ വേണമെന്ന സി.പി.എം ആവശ്യം ഡൽഹിയിലുള്ള ജോസ് കെ മാണി തിരിച്ചെത്തിയാൽ ചർച്ച ചെയ്ത് തീരുമാനിക്കും. പാലാ നഗരസഭയിലെയും, ചില ബ്ലോക്ക് പഞ്ചായത്തുകളിലെയും സീറ്റ് തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി വിട്ടുവീഴ്ചയ്‌ക്ക് മാണി ഗ്രൂപ്പ് തയ്യാറാകുമെന്നറിയുന്നു. പുതിയതായി ചേർക്കപ്പെട്ട തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നൽകും. വാകത്താനം സീറ്റ് വച്ചുമാറണണമെന്ന മാണിഗ്രൂപ്പിന്റെ ആവശ്യം സി.പി.ഐ അംഗീകരിച്ചാൽ പൊതുസ്വതന്ത്രൻ വാകത്താനത്തായിരിക്കും. പകരം അയർക്കുന്നം സി.പി.ഐയ്ക്ക് നൽകും. തിരഞ്ഞെടുപ്പ് തീയതി നീളുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നും, ഒരു തർക്കവുമില്ലെന്ന് നേതാക്കൾ പറഞ്ഞു.

വിട്ടുവീഴ്ച വേണ്ടെന്ന് കോൺഗ്രസ്

യു.ഡിഎഫിൽ ജില്ലാ പഞ്ചായത്ത് സീറ്റുവിഭജനം പൂർത്തിയായില്ലെങ്കിലും കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 14 ന് പകരം 15 സീറ്റിലും കേരള കോൺഗ്രസ് ജോസഫ് എട്ട് സീറ്റിലും മത്സരിക്കാനാണ് ഏകദേശ ധാരണ. ഒമ്പത് സീറ്റ് വേണമെന്ന ജോസഫ് ഗ്രൂപ്പിന്റെയും ഒരു സീറ്റിനായി കടുംപിടുത്തം തുടരുന്ന മുസ്ലിംലീഗിന്റെയും അവകാശവാദം കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. ലീഗിന് ജില്ലാ പഞ്ചായത്തിന് പകരം ഈരാറ്റുപേട്ട നഗരസഭയിൽ കൂടുതൽ സീറ്റ് നൽകി അനുനയിപ്പിക്കും.

സിപിഎം സീറ്റുകൾ

കുമരകം,​ തലയാഴം,​ കുറിച്ചി,​ പുതുപ്പള്ളി,​ തൃക്കൊടിത്താനം,​ പാമ്പാടി,​ പൊൻകുന്നം,​ മുണ്ടക്കയം,​ വെള്ളൂർ

കേരള കോൺഗ്രസ് (എം)

അതിരമ്പുഴ,​ അയർക്കുന്നം,​ തലനാട് ,​ കിടങ്ങൂർ,​ പൂഞ്ഞാർ,​ കാഞ്ഞിരപ്പള്ളി,​ ഭരണങ്ങാനം ,​ ഉഴവൂർ,​ കുറവിലങ്ങാട്,​ കടുത്തുരുത്തി.

സി.പി.ഐ

വൈക്കം,​ എരുമേലി,​ വാകത്താനം,​ കങ്ങഴ