
കോട്ടയം:ബാധ ഒഴിപ്പിക്കാനുള്ള ആഭിചാരക്രിയക്കിടയിൽ തിരുവഞ്ചൂരിൽ യുവതി നേരിട്ട കൊടിയ പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.മന്ത്രവാദി പത്തനംതിട്ട പെരുംതുരുത്ത് പന്നിക്കുഴി മാടാച്ചിറ ശിവദാസ് (ശിവൻ തിരുമേനി 54),ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26),ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ ഭർത്തൃമാതാവും,സഹോദരിയും ഒളിവിലാണ്.
കോട്ടയം കോടിമത സ്വദേശിനിയായ യുവതി മൂന്ന് വർഷമായി അഖിലുമായി ഇഷ്ടത്തിലായിരുന്നു.ഇരുവീട്ടുകാരും വിവാഹത്തിനും സമ്മതിചെങ്കിലും ദോഷമുണ്ടെന്ന് പറഞ്ഞ് വിവാഹം നീട്ടിവച്ചു.കഴിഞ്ഞ സെപ്തംബറിൽ യുവതിയെ അഖിലിന്റെ മണർകാട് നാലുമണിക്കാറ്റിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുവന്നു.വിവാഹം രജിസ്ട്രാർ ചെയ്യാനിരിക്കെയാണ് എട്ട് ദുരാത്മാക്കൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ടെന്നും,ഇതാണ് വീട്ടിലെ വഴക്കിന് കാരണമെന്നും ഭർത്തൃമാതാവ് പറഞ്ഞു.തുടർന്ന് മന്ത്രവാദിയെ കൊണ്ടുവരികയായിരുന്നു.
കോടിമതയിലെ സ്വന്തം വീട്ടിലെത്തിയ യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മുടിയിൽ ആണിചുറ്റി, തടിയിൽ തറച്ചു
ഉച്ചത്തിൽ പാട്ടുവച്ച് ശേഷമാണ് ക്രിയ നടത്തിയതെന്ന് യുവതി പറഞ്ഞു.പ്രാർത്ഥിച്ച് സോഫയിലിരിക്കാൻ പറഞ്ഞു.പിന്നാലെ കാലിൽ പട്ടുകൊണ്ട് നീളത്തിൽ കെട്ടി.മുടിയിൽ ആണി ചുറ്റി തടിയിൽ തറച്ചു.പിന്നാലെ മുടി പറിച്ചുമാറ്റി,ഭസ്മം കഴിപ്പിച്ചു,ശരീരത്തിൽ പൊള്ളൽ ഏൽപ്പിച്ചു.ബോധം മറയുന്നത് വരെ മദ്യം കുടിപ്പിച്ചു,ബീഡി വലിപ്പിച്ചു.രാവിലെ 11 ഓടെ ആരംഭിച്ച പൂജ രാത്രി 9 വരെ നീണ്ടു.ഭർത്താവ്, ഭർത്താവിന്റെ അച്ഛൻ,അമ്മ,സഹോദരി എന്നിവർ പൂജാസമയം ഉണ്ടായിരുന്നു.ദൃശ്യങ്ങൾ ഭർത്തൃ സഹോദരി മൊബൈലിൽ പകർത്തിയിരുന്നു.ഈ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.