
ബീജിംഗ് : കേൾക്കുമ്പോൾ തന്നെ മനസിൽ ഭയം നിറയ്ക്കുന്ന ജീവിയാണ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ ദിനോസറുകൾ. കാഴ്ചയിൽ ഭീകരൻമാരല്ലാത്ത പൂച്ചയോളം മാത്രം വലിപ്പമുള്ള ദിനോസറുകളും ഭൂമിയിൽ ജീവിച്ചിരുന്നു. അങ്ങനെയുള്ള ദിനോസറുകൾ 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ ജീവിച്ചിരുന്നു. ചൈനയിൽ ഇവയുടെ കാല്‌പ്പാടുകൾ കണ്ടെത്തിയിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുന്നേ ബീജിംഗിലെ ദ ചൈന യൂണിവേഴ്സിറ്റി ഒഫ് ജിയോസയൻസസിലെ അസോസിയേറ്റ് പ്രൊഫസറായ ലിഡ ഷിംഗ് ആണ് കുഞ്ഞൻ ദിനോസറിന്റെ കാല്‌പ്പാട് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഒഫ് ക്യൂൻസ്‌ലൻഡിലെ ഡോ. ആന്റണി റൊമിലിയോയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകർ ഇതിനെ പഠനവിധേയമാക്കി. സസ്യഭുക്കുകളായിരുന്ന സ്റ്റെഗോസോർ ദിനോസറുകളുടെ കുടുംബത്തിൽപ്പെട്ട ഒന്നിന്റെ കാല്‌പ്പാടാണിതെന്ന് ഗവേഷകർ പറയുന്നു.
ശരീരത്തിൽ രണ്ട് വരികളിലായുള്ള പ്ലേറ്റുകളും വാലിലെ മുള്ളുകളുമാണ് സ്റ്റെഗോസോർ ദിനസോറുകളുടെ പ്രത്യേകത. ചൈനയിൽ കണ്ടെത്തിയ കുഞ്ഞൻ ദിനോസറിനും ഈ സവിശേഷതകൾ ഉണ്ടായിരിക്കാമെന്നാണ് നിഗമനം. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെറിയ സ്‌റ്റെഗോസോർ കാല്‌പ്പാടാണിത്. ഏകദേശം ആറ് സെന്റീമീറ്ററിൽ താഴെയാണ് വലിപ്പം. സാധാരണ 80 സെന്റീമീറ്റർ വരെ നീളമുള്ള സ്റ്റെഗോസോർ കാല്‌പ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനമാണ് ദിനോസറുകളെയെല്ലാം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്.