g

ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധം പുലർത്തിയിരുന്ന ഇളയ സഹോദരൻ ആൻഡ്രുവിന്റെ (65) രാജകീയ പദവികളും ബഹുമതികളും സൈനിക അംഗീകാരങ്ങളും എടുത്തുകളഞ്ഞ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്. പേരിനൊപ്പമുണ്ടായിരുന്ന 'പ്രിൻസ് (രാജകുമാരൻ)" പദവി നീക്കിയതോടെ ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നാണ് ഇനി അറിയപ്പെടുക.

രാജകീയ മാളികയായ ബെർക്‌ഷെയറിലെ 'റോയൽ ലോഡ്ജിൽ" നിന്ന് ഒഴിയാനും ആൻഡ്രുവിനോട് നിർദ്ദേശിച്ചു. ആൻഡ്രുവിന്റെ മുൻ ഭാര്യ സാറ ഫർഗൂസന്റെ പ്രഭ്വി പദവിയും നഷ്ടമായി. എന്നാൽ ഇവരുടെ മക്കളായ ബ്രിയാട്രിസും യൂജിനിയും രാജകുമാരിമാരായി തുടരും. പദവികൾ നീക്കിയെങ്കിലും ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ അവകാശികളുടെ നിരയിൽ എട്ടാം സ്ഥാനത്ത് ആൻഡ്രു തുടരും. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് ആൻഡ്രു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ആൻഡ്രു സ്വമേധയാ തന്റെ രാജകീയ പദവികൾ ഒഴിഞ്ഞിരുന്നെങ്കിലും സ്ഥാനപ്പേര് അടക്കം നിലനിറുത്തിയിരുന്നു.


ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടയാളാണ് അമേരിക്കക്കാരനായ ജെഫ്രി എപ്‌സ്റ്റീൻ. സമ്പന്നനും ധനകാര്യ വിദഗ്ദ്ധനുമായ എപ്‌സ്റ്റീനെ വിചാരണ കാത്തിരിക്കുന്നതിനിടെ, 2019ൽ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

# വിവാദങ്ങളുടെ വഴി


 2001ൽ എപ്‌സ്റ്റീൻ വഴി ആൻഡ്രൂ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കാട്ടി 2019ൽ വിർജീനിയ ജൂഫ്രെ എന്ന യുവതി രംഗത്തെത്തി

 വിവാദമായതോടെ ആൻഡ്രൂ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറി. പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും കുറച്ചു

 വിർജീനിയ യു.എസിൽ കേസ് ഫയൽ ചെയ്തു. 2022ൽ ആൻഡ്രു ഒരു തുക വിർജീനിയയ്ക്കും അവരുടെ ചാരിറ്റി സംഘടനയ്ക്കും നൽകി കേസ് തീർപ്പാക്കി

 ഇക്കഴിഞ്ഞ ഏപ്രിലിൽ 41-ാം വയസിൽ വിർജീനിയ ആത്മഹത്യ ചെയ്തു. അടുത്തിടെ പുറത്തുവന്ന അവരുടെ ആത്മകഥയിൽ ആൻഡ്രുവിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

 ആരോപണങ്ങൾ ആൻഡ്രു നിഷേധിക്കുന്നു