
ഭോപ്പാൽ: മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാതാവും വധുവിന്റെ പിതാവും ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഉന്ത്യാസ ഗ്രാമത്തിലാണ് സംഭവം. നാൽപ്പത്തിയഞ്ചുകാരിയാണ് വരന്റെ മാതാവ്. ഇവരെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇതോടെ യുവാവ് പൊലീസിൽ പരാതി നൽകി.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ സ്ത്രീ അമ്പതുകാരനായ കർഷകനൊപ്പം മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്നതായി കണ്ടെത്തി. ഈ കർഷകൻ തന്നെയാണ് യുവാവ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പിതാവെന്ന് മനസിലായതോടെ ഏവരും അമ്പരന്നു.
വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടയിലാണ് ഇരുവരും പ്രണയത്തിലായത്. ഇതിനുപിന്നാലെ യുവതി ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചുവരാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും കമിതാക്കൾ അതിനുതയ്യാറായില്ല. കാമുകനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് നാൽപ്പത്തിയഞ്ചുകാരി പറഞ്ഞതായി പൊലീസ് അറിയിച്ചു.