bus

കെഎസ്‌ആർടിസിയുടെ പുതുപുത്തൻ വോൾവോ 9600SLX ബസുകൾ ഉടൻ കേരളത്തിലെ നിരത്തുകളിലെത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിവരം പുറത്തുവിട്ടിരിക്കുന്നത്. ബസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ പോസ്റ്റ്.

വോൾവോയുടെ മൾട്ടി ആക്‌‌സിൽ സ്ലീപ്പർ മോഡലാണ് 9600SLX. നേരത്തേ കെഎസ്‌ആർടിസിയിലെത്തിയ വോൾവോ 9600 ബസുകളിലേതുപോലെ ത്രിവർണ പതാകയിലെ നിറങ്ങളടങ്ങിയ കളർ തീമിൽ തന്നെയാണ് 9600SLX ഉം ഒരുക്കിയിരിക്കുന്നത്. എന്നാൽ, ബസിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചോ റൂട്ടിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ മന്ത്രി പങ്കുവച്ചിട്ടില്ല.

അതേസമയം, കെഎസ്‌ആർടിസിക്കായി വോൾവോ 9600ന്റെ 15 മീറ്റർ മോഡലുകൾ ഓഗസ്റ്റിൽ എത്തിയിരുന്നു. ഈ ബസിന്റെ സീറ്റർ മോഡലിന് 3800 എംഎം ഉയരവും സ്ലീപ്പർ മോഡലിന് 4000 എംഎം ഉയരവുമാണുള്ളത്. 2600 എംഎം വീതിയും 8340 എംഎം വീൽബേസിലുമാണ് ബസ് നിർമിച്ചിരിക്കുന്നത്. 15 മീറ്റർ നീളമുള്ള ബസിൽ 55പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. 2+2 ലേഔട്ടിലാണ് സീറ്റിംഗ്.