fish

ചവറ: മത്സ്യഫെഡി​ന്റെ നേരി​ട്ടുള്ള നി​യന്ത്രണത്തി​ൽ പ്രവർത്തി​ക്കുന്ന 'അന്തിപ്പച്ച' മത്സ്യവിപണന കേന്ദ്രങ്ങളി​ൽ തി​രക്കേറുന്നു. വി​ഷം കലർന്നതും ചീഞ്ഞതും അന്യ സംസ്ഥാനങ്ങളി​ൽ നി​ന്ന് എത്തുന്നതുമായ മത്സ്യങ്ങളി​ൽ നി​ന്ന് ഉപഭോക്താക്കളെ സംരക്ഷി​ക്കുകയെന്ന ലക്ഷ്യത്തോടെ, ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതി ആരംഭിച്ചത്.

ഇടനിലക്കാരില്ലാതെ നല്ലയിനം മത്സ്യം വില കുറച്ച് ജനങ്ങളിലെത്തിക്കാനും മത്സ്യത്തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ലഭ്യമാകുന്നതിനും വേണ്ടിയാണ് വിപണന കേന്ദ്രങ്ങൾ തുറന്നത്. അന്തിപ്പച്ച മൊബൈൽ യൂണിറ്റിൽ ഫോർമാലിൻ ചേർക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് ലഭിക്കും. ഫോർമാലിൻ ടെസ്റ്റിന് വിധേയമാക്കിയ ശേഷമാണ് വിപണനത്തിനായി എത്തി​ക്കാറുള്ളത്. മത്സ്യഫെഡിന്‌ കീഴിലുള്ള സംഘങ്ങളിൽ നിന്നും മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും നേരിട്ടാണ്‌ മത്സ്യം വാങ്ങുന്നത്. രാസ വസ്‌തുക്കളൊന്നും ചേർത്തിട്ടില്ലെന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തും.

കടൽമത്സ്യങ്ങൾ പ്രധാനം


എല്ലാ ദിവസവും മൊബൈൽ അന്തിപ്പച്ച യൂണി​റ്റുകൾ മീനുമായെത്തും. മുറിച്ച്‌ വൃത്തിയാക്കിയും വാങ്ങാം. ഇതിന്‌ പ്രത്യേക ചാർജ്‌ ഈടാക്കില്ല. കടൽമത്സ്യമാണ്‌ പ്രധാനമായും വില്പനയ്‌ക്ക്‌ എത്തിക്കുന്നത്‌. മീൻ അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, ചെമ്മീൻ റോസ്‌റ്റ്‌ തുടങ്ങിയവയുമുണ്ടാകും. ഒരുവാഹനത്തിൽ പരമാവധി മൂന്ന് ജീവനക്കാരുണ്ട്. പൊതുജനങ്ങൾക്ക്‌ നല്ല മത്സ്യം ലഭ്യമാകുന്നതിനൊപ്പം നിരവധിപേർക്ക്‌ തൊഴിലുമാകും. മൽസ്യഫെഡിന്റെ ഫിഷ് മാർട്ടുകളിലും മത്സ്യം ലഭിക്കും.

മത്സ്യങ്ങൾ ശേഖരിക്കുന്നത്

 നീണ്ടകര  ശക്തികുളങ്ങര  വാടി  അഴീയ്ക്കൽ  മുനമ്പം ഹാർബർ  കന്യാകുമാരി  പെരുമാതുറ  തോട്ടപ്പള്ളി

മത്സ്യം സാധരണക്കാർക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ ഫോർമാലിൻ ടെസ്റ്റ്നടത്തി വിഷരഹിതമെന്ന് ഉറപ്പ് വരുത്തിയുമാണ് വിൽക്കുന്നത്. ശുദ്ധമായ മത്സ്യം കൂടുതൽ തലങ്ങളിൽ വിപണനം നടത്താനുള്ള ശ്രമത്തിലാണ് മത്സ്യഫെഡ്


ടി.മനോഹരൻ, മത്സ്യഫെഡ് ചെയർമാൻ

നേരിട്ട് ഹാർബറിൽ നിന്ന് വാങ്ങുന്ന ശുദ്ധമായ മത്സ്യം ഗുണനിവാരത്തോടെയാണ് വി​ൽക്കുന്നത്. നിരവധി പേർ ഈ സംരംഭത്തിലൂടെ ഉപജീവനം നടത്തുന്നുണ്ട്.- ക്രിസ്തുദാസ് സക്കറിയാസ്, സി.പി.സി മാനേജർ, മത്സ്യഫെഡ് ശക്തികുളങ്ങര.