
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റി 'ഇന്ദ്രപ്രസ്ഥ' എന്നാക്കണമെന്ന് ബിജെപി എംപി. ഡൽഹിയുടെ പുരാതന വേരുകൾ കണക്കിലെടുത്ത് പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്‌ഷൻ എന്നും ഇന്റർനാഷണൽ എയർപോർട്ട് എന്നത് മാറ്റി ഇന്ദ്രപ്രസ്ഥ എയർപോർട്ട് എന്നാക്കി മാറ്റണമെന്നും ബിജെപി എംപി കത്തിൽ ആവശ്യപ്പെട്ടു. പാണ്ഡവരുടെ കൂറ്റൻ പ്രതിമകൾ രാജ്യതലസ്ഥാനത്ത് സ്ഥാപിക്കണമെന്നും പ്രവീൺ ഖണ്ഡേൽവാൽ ആവശ്യപ്പെട്ടു.
'ഡൽഹിയുടെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളത് മാത്രമല്ല ഇന്ത്യൻ നാഗരികതയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നത് കൂടിയാണ്. കൂടാതെ പാണ്ഡവർ രൂപംകൊടുത്ത 'ഇന്ദ്രപ്രസ്ഥ' നഗരത്തിന്റെ ഊർജസ്വലമായ പാരമ്പര്യം ഉൾക്കൊള്ളുന്നതും കൂടിയാണ്'- എന്നാണ് ബിജെപി എംപി കത്തിൽ പറയുന്നത്.