
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യനിരൂപകനുമായ കെ ജി ശങ്കരപ്പിളളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കെ ജി ശങ്കരപ്പിളളയ്ക്ക് കേന്ദ്ര- കേരള സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിദ്ധ്യമാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പുരസ്കാര പ്രഖ്യാപനത്തിനിടെ പറഞ്ഞു. പുരസ്‌കാരം ലഭിച്ചതിൽ എറെ സന്തോഷമുണ്ടെന്നും കവിതയ്ക്കും നിലപാടിനും ലഭിച്ച പുരസ്‌കാരമായാണ് ഇതിനെ കാണുന്നതെന്നും ശങ്കരപ്പിളള മാദ്ധ്യമങ്ങളോട് പറഞ്ഞു.
1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് അദ്ദേഹം ജനിച്ചത്. 1970ൽ പ്രസിദ്ധീകരിച്ച 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. 1998ൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അർഹനായി. "കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ"ക്ക് 2002ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.