indian-railway

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്റെ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവെ അറിയിച്ചു. സ്റ്റോപ്പുകൾ അനുവദിച്ചതടക്കമുള്ള ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവെ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചേക്കും.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20ന് ആണ് ട്രെയിൻ പുറപ്പെടുന്നത്. രാത്രി 11 മണിയോടെ കെഎസ്ആർ ബംഗളൂരുവിലെത്തും. തിരിച്ച് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് എറണാകുളത്ത് എത്തും. കേരളത്തിൽ തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ. ഈ മാസം പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വന്ദേഭാരത് സർവീസ് എന്നത് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഉത്സവ സീസണുകളിൽ ഉൾപ്പെടെ നാട്ടിലെത്താൻ കഴിയാതെ വലയുന്ന സമയങ്ങളിൽ കൊള്ള നിരക്കാണ് സ്വകാര്യ ബസുകാർ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഈ കൊള്ളയ്ക്ക് ഒരു പരിധി വരെ അറുതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. പുതിയ വന്ദേഭാരത് സർവീസ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും.