fireforce

കോഴിക്കോട്: കക്കോടിയിൽ മതിലിടിഞ്ഞുവീണ് അതിനടിയിൽ കുടുങ്ങിക്കിടന്നായാളെ പുറത്തെടുത്തു. കോൺക്രീറ്റ് മതിലാണ് ഇടിഞ്ഞുവീണത്. നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള മതിലാണ് തകർന്നത്‌.

ജോലിക്കെത്തിയ തൊഴിലാളിയാണ് മതിലിനടിയിൽ കുടുങ്ങിയത്. മതിലിടിഞ്ഞതിന് പിന്നാലെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയർഫോഴ്‌സെത്തി തൊഴിലാളിയെ പുറത്തെടുത്ത് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തൊഴിലാളിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം. അന്യസംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. നിർമാണത്തിനിരിക്കുന്ന വീടിന് ചുറ്റുമതിൽ കെട്ടാനാണ് തൊഴിലാളികളെത്തിയത്. ഇതിനിടയിൽ തൊട്ടടുത്ത വീടിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.