
കോഴിക്കോട്: കക്കോടിയിൽ മതിലിടിഞ്ഞുവീണ് പരിക്കേറ്റ നിർമാണ തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന് ചുറ്റുമതിൽ കെട്ടാനാണ് തൊഴിലാളികൾ ഇവിടെയെത്തിയത്. ഈ വീടിനോട് ചേർന്നുകിടക്കുന്ന അടുത്തവീട്ടിലെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
ഉദയ് മാഞ്ചി മതിലിനടിയിൽ അരമണിക്കൂറോളം കുടുങ്ങിക്കിടന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുക്കാനായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സെത്തി തൊഴിലാളിയെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.