v-d-satheesan

തിരുവനന്തപുരം: 2026ൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുൻപിൽ ആശമാരുടെ രാപ്പകൽ സമരത്തിന്റെ വിജയപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

'ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ ഇതുവരെ കാണാത്ത ഒരു സമരരീതിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും.

ഇവിടെ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും ഇനി ജില്ലകളിലും പഞ്ചായത്തിലും നടക്കാൻ പോകുന്നത്. ഇത്രമാത്രം ജനപിന്തുണ ലഭിച്ച ഒരു സമരം കേരളത്തിൽ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഇത് സ്ത്രീശക്തിയുടെ മഹത്തായ വിജയമാണ്. യുഡിഎഫ് വന്നാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ ആവശ്യത്തിന് തീരുമാനമുണ്ടാകും. സർക്കാരിന് എന്തൊരു പരാഹാസമായിരുന്നു. നിങ്ങൾക്ക് അർഹതപ്പെട്ടതാണ് കിട്ടിയത്. പക്ഷെ നിങ്ങൾ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. ഞാൻ തരുന്ന വാക്കാണ്. ഞങ്ങൾ കൂടെയുണ്ടാകും. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകും'- വിഡി സതീശൻ പറഞ്ഞു.