
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്ന് തിങ്കളാഴ്‌ച മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് പരുമല പള്ളി തിരുനാളായി ആഘോഷിക്കുന്നത്. ഒക്‌ടോബർ 26നാണ് പള്ളിയിൽ കൊടിയേറിയത്. തിങ്കളാഴ്‌ചയാണ് സമാപന ദിവസം. അന്ന് വലിയ ആഘോഷങ്ങളാണ് ഇവിടെ നടക്കുക. പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കി.