jameema

മുംബയ്: ഓസ്ട്രേലിയെക്കെതിരായ വനിതാ ഏകദിന ലോകകപ്പ് സെമിയിൽ റെക്കാ‌ഡ് റൺ ചേസിംഗ് പൂ‌‌ർത്തിയാക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. കൂറ്റൻ വിജയലക്ഷ്യം പിന്തുട‌ർന്ന ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയാണ് ടീമിന് ചരിത്രവിജയം സമ്മാനിച്ചത്. 25കാരിയായ ജെമീമ 134 പന്തിൽ നിന്ന് 127 റൺസെടുത്താണ് 339 റൺസ് എന്ന വലിയ വിജയം ലക്ഷ്യം പിന്തുട‌ർന്ന് ടീമിനെ വിജയത്തിലെത്തിച്ചത്.

ക്യാപ്ടൻ ഹ‌ർമൻപ്രീത് കൗറുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജെമീമ പിന്നീട് നാലാം വിക്കറ്റിൽ ദീപ്തി ശ‌ർമ്മയ്‌ക്കൊപ്പം 38 റൺസ് കൂട്ടിച്ചേർത്താണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തിന് ശേഷം ഡ്രസിംഗ് റൂമിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഒരു ഘട്ടത്തിൽ ചേസ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ജെമീമ പറയുന്നു. താൻ തളർന്നു പോകുന്നുവെന്ന ആശങ്ക ദീപ്തി ശർമ്മയുമായി പങ്കുവച്ചതായും, ദീപ്തി നൽകിയ പിന്തുണയാണ് വിജയത്തിലെത്തിച്ചതെന്നും ജെമീമ പറഞ്ഞു.

'ഏകദേശം 85 റൺസെടുത്തു നിൽക്കുമ്പോൾ ഞാൻ വല്ലാതെ ക്ഷീണിതയായിരുന്നു. അക്കാര്യം ദീപ്തിയോട് ഞാൻ പറഞ്ഞു. എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണം. എനിക്കിത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ആ നിമിഷം മുതൽ ഓരോ പന്തിലും ദീപ്തി എന്നെ പിന്തുണയ്ക്കുകയായിരുന്നു. എന്റെ ഒരു റണ്ണിന് വേണ്ടി അവൾ സ്വന്തം വിക്കറ്റ് പോലും ത്യജിച്ചു. തിരികെ നടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു, 'സാരമില്ല, നീ പോയി മാച്ച് ഫിനിഷ് ചെയ്തിട്ട് വാ.' ജമീമ പറ‌ഞ്ഞു. മികച്ച കൂട്ടുകെട്ട് കാരണമാണ് ടീമിനെ വിജത്തിലെത്തിച്ചതെന്നും താരം പറയുന്നു. 'ദീപ്തിയുടെയും റിച്ചയുടെയും അമൻജോതിന്റെയും ഇന്നിംഗ്‌സുകൾ എന്റെ സമ്മർദ്ദം കുറച്ചു. ഹർമൻപ്രീതുമായി എനിക്ക് മികച്ച കൂട്ടുകെട്ടുണ്ടായിരുന്നു. മുൻപുള്ള മത്സരങ്ങളിൽ പലപ്പോഴും ഞങ്ങൾ രണ്ടുപേരിൽ ഒരാൾ പുറത്തായാൽ തോൽവി സംഭവിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറിമറിഞ്ഞു', ജെമീമ കൂട്ടിച്ചേർത്തു.

49ാം ഓവറിലെ മൂന്നാം പന്തില്‍ അമന്‍ജോത് കൗറിന്റെ ഷോട്ട് ബൗണ്ടറി കടന്ന് ഇന്ത്യ മത്സരം വിജയിച്ചതിന് പിന്നാലെ ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനില്‍ നിന്ന് മാറിയാണ് സെമിയില്‍ താരം ബാറ്റ് ചെയ്യാനെത്തിയത്. സാധാരണ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരം അന്ന് ക്രീസിലെത്തിയത് മൂന്നാം നമ്പറില്‍. 134 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികൾ കൂട്ടിച്ചേർത്തായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്.