
ന്യൂഡൽഹി: 22 വർഷത്തെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ. പാരീസിൽ ഈ വാരമാദ്യം കസാഖിസ്ഥാൻ താരം അലക്‌സാണ്ടർ ബുബ്ളികുമായി കളിക്കളം പങ്കിട്ടതാണ് 45കാരനായ രോഹന്റെ അവസാന മത്സരം. ഡബിൾസ് ടെന്നീസിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം, ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്‌സ്ളാം ജേതാവ് എന്നീ ചരിത്ര നേട്ടങ്ങൾക്കുടമയാണ് രോഹൻ ബൊപ്പണ്ണ. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രോഹൻ വിരമിക്കൽ പ്രഖ്യാപിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
വിട, എന്നാലിത് അവസാനമല്ല. ജീവിതത്തിന് അർത്ഥം പകർന്നതിന് എങ്ങനെയാണ് വിട ചൊല്ലാനാവുക? മറക്കാനാവാത്ത 20 വർഷങ്ങൾക്കുശേഷം ഞാനെന്റെ റാക്കറ്റ് ഔദ്യോഗികമായി മാറ്റിവയ്ക്കുകയാണ്. ഇതെഴുതുമ്പോൾ എന്റെ ഹൃദയം ഭാരമുള്ളതായി തോന്നുന്നു, ഒപ്പം നന്ദിയുള്ളതും. കൂർഗിലെ ചെറിയ പട്ടണത്തിൽ നിന്ന് എന്റെ യാത്ര ആരംഭിച്ചത്, സെർവ് ശക്തിപ്പെടുത്താൻ തടിക്കഷണങ്ങൾ മുറിച്ചത്, സ്റ്റാമിന വർദ്ധിപ്പിക്കാൻ കോഫി എസ്റ്റേറ്റുകളിലൂടെ ഓടിയത്, തകർന്ന കോർട്ടുകളിൽ സ്വപ്നങ്ങളെ പിന്തുടർന്നത്, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളുടെ വെളിച്ചത്തിന് കീഴിൽ നിന്നത്- ഇന്നതെല്ലാം അവിശ്വസനീയമായി തോന്നുന്നു.
ടെന്നീസ് എനിക്ക് വെറുമൊരു കളി മാത്രമായിരുന്നില്ല, മറിച്ച് എനിക്ക് ജീവിക്കാൻ ലക്ഷ്യബോധം തന്നു, തകർച്ചയിൽ ശക്തി പകർന്നു, ലോകം മുഴുവൻ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചു. ഓരോ തവണയും ഞാൻ കോർട്ടിലേയ്ക്ക് ചുവടുവച്ചപ്പോൾ എന്നെ സ്ഥിരോത്സാഹം പഠിപ്പിച്ചു, എഴുന്നേൽക്കാനുള്ള മനക്കരുത്ത് നൽകി, പോരാടാനുള്ള കഴിവ് തന്നു, എല്ലാറ്റിനുമുപരി, ഞാൻ എന്തിനാണ് തുടങ്ങിയതെന്നും ഞാൻ ആരാണെന്നും എന്നെ ഓർമ്മിപ്പിച്ചു.
2024ൽ ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് ഡബിൾസ്, 2017ൽ ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് എന്നിങ്ങനെ രണ്ട് ഗ്രാൻഡ്‌സ്ളാം കിരീട നേട്ടത്തോടൊപ്പമാണ് ബൊപ്പണ്ണ കരിയർ അവസാനിപ്പിക്കുന്നത്. നാല് ഗ്രാൻസ്ളാം മത്സരങ്ങളിൽ ഫൈനലിലുമെത്തി. 2016ലെ റിയോ ഒളിമ്പിക്‌സിൽ സാനിയ മിർസയോടൊപ്പം നാലാം സ്ഥാനത്ത് എത്തി. ഡേവിസ് കപ്പ് മത്സരങ്ങളിൽ രണ്ട് പതിറ്റാണ്ട് ഇന്ത്യയെ പ്രതിനിധീകരിച്ചു. യുടിആർ ടെന്നിസ് പ്രോയും രാജ്യത്തെത്തിച്ചു. മാത്രമല്ല, ടെന്നീസിൽ പുതുതലമുറയെ വാർത്തെടുക്കാൻ സ്വന്തമായി അക്കാഡമിക്കും രൂപം നൽകി.