malayalam

തിരുവനന്തപുരം: എല്ലാ അർത്ഥത്തിലും ഭാഷയെ സ്നേഹിക്കുന്നവരെക്കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാടെന്നും പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ ഭാഷാ സ്നേഹം ഉള്ളവരാണെന്നും ചലച്ചിത്രനടനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു.ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്നത് ശരിയല്ല. മൊഴിയിൽ എടുത്തുവയ്‌ക്കേണ്ടത് സ്നേഹമാണ്. ഭാഷയെ സ്നേഹിക്കുമ്പോഴാണ് ഭാഷ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം എഡിഎം വിനീത് ടി.കെ നിർവ്വഹിച്ചു. കവി സെയ്ദ് സബർമതി മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ​ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഹുസൂർ ശിരസ്തദാർ രാജി ആർ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിതകൾ ആലപിച്ചും മലയാള ചലച്ചിത്ര ​ഗാനങ്ങൾ പാടിയും ഏവരും സജ്ജീവമായി പരിപാടിയിൽ പങ്കെടുത്തു.

സർവേയും ഭൂരേഖയും വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ സുനിൽ കെ.കെ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുധാകരൻ ജി, കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് അജീഷ് കുമാർ വി, സെക്രട്ടറി ഷിജിൻ എസ്.ആർ തുടങ്ങിയവർ സംസാരിച്ചു.