
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കാശിബുഗയിലുള്ള സ്വകാര്യ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പത്ത് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒമ്പത് സ്ത്രീകളും 12 വയസുള്ള കുട്ടിയുമുണ്ട്. 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ (80) കേസെടുത്തു.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. കാർത്തിക മാസത്തിലെ ഏകാദശി ദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻതിരക്കായിരുന്നു. 25000ത്തോളം ഭക്തരാണെത്തിയതെന്ന് പൊലീസ് പറയുന്നു. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരില്ലാതിരുന്നതും പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരുകവാടം മാത്രം ഉണ്ടായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ വീണതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ,ക്ഷേത്ര അധികൃതർ പ്രാദേശിക ഭരണകൂടത്തെ അറിയിക്കാതിരുന്നതാണ് ദുരന്തത്തിന്റെ വ്യപ്തി കൂടാൻ കാരണമായതെന്ന് ഭക്തർ ആരോപിച്ചു.
അതിനിടെ, പൂജാ വസ്തുകളുമായി സ്ത്രീകൾ പടിക്കെട്ടിൽ നിന്ന് വീഴുന്നതിന്റേയും ക്ഷേത്ര പരിസരത്ത് നിരവധി മൃതദേഹങ്ങൾ കിടക്കുന്നതിന്റേയും വീഡിയോ പുറത്തുവന്നു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കൃഷിമന്ത്രി കെ. അച്ചനായിഡു ക്ഷേത്രത്തിലെത്തി.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അനുശോചിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം, സ്ത്രീകൾക്കായി ക്ഷേത്രത്തിലേക്ക് സൗജന്യ ബസ് സംവിധാനം ഏർപ്പെടുത്തിയതും തിരക്ക് വർദ്ധിക്കാൻ കാരണമായെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാല് മാസം മുൻപ്
തുറന്ന ക്ഷേത്രം
80 വയസുകാരനായ മുകുന്ദ പാണ്ഡെ തന്റെ ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണിത്. നാല് മാസം മുമ്പാണ് ക്ഷേത്രം തുറന്നുകൊടുത്തത്. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മാണം. അതിനാൽ 'മിനി തിരുപ്പതി' എന്നറിയപ്പെട്ടു. അതേസമയം, ഈ ക്ഷേത്രം സംസ്ഥാന സർക്കാരിന്റെ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ളതല്ല. രണ്ടായിരം മുതൽ മൂവായിരം വരെ പേരെ ഉൾക്കൊള്ളാൻ കഴിയും.