minister

തിരുവനന്തപുരം: ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കുന്ന സബ്സിഡി വിലയിൽ തന്നെ ഉല്പന്നങ്ങൾ സഞ്ചരിക്കുന്ന സൂപ്പർസ്റ്റോറുകൾ വഴിയും ലഭിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സപ്ലൈകോ മൊബൈൽ സൂപ്പർ മാർക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്ലയം ജംഗ്ഷനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയും വിലസ്ഥിരതയും ഉറപ്പാക്കുന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ സൂപ്പർമാർക്കറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവംബർ ഒന്നു മുതൽ സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ നിന്ന് സാധനം വാങ്ങാൻ വരുന്നവർക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങളെല്ലാം10% വിലക്കുറവിൽ ലഭിക്കും. അരക്കിലോ വീതം മുളകും വെളിച്ചെണ്ണയുമാണ് സബ്സിഡിയായി നൽകിയിരുന്നത്. എന്നാൽ ഓണത്തിന് നൽകിയത് പോലെ മുളകും വെളിച്ചണ്ണയും ഒരു കിലോയ്ക്ക് സബ്സിഡി നൽകും.

8 കിലോയ്ക്ക് പുറമേ 20 കിലോ അരി 25 രൂപയ്ക്ക് കൊടുക്കും. സാധാരണക്കാരന്റെ വീട്ടുവാതിൽക്കൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഇതിലൂടെ സപ്ലൈക്കോയ്ക്ക് സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കല്ലയം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.