
ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്ത് നടന്നത് റെക്കാഡ് യുപിഐ ഇടപാടുകളെന്ന് റിപ്പോർട്ട്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത്രയധികം യുപിഐ ഇടപാടുകൾ ഇതാദ്യമായാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഉത്സവ സീസണും ജിഎസ്‌ടി ഇളവുമാണ് റെക്കാഡ് യുപിഐ ഇടപാടുകൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.
സെപ്തംബർ മാസത്തേക്കാൾ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനവും മൂല്യത്തിൽ പത്ത് ശതമാനവും വർദ്ധനവാണുണ്ടായത്. സെപ്തംബറിൽ 1,963 കോടി ഇടപാടുകളിലൂടെ 24.9 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇക്കൊല്ലം ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2000 കോടി ഇടപാടുകളായിരുന്നു എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന റെക്കാഡ്. യുപിഐ 2016 ഏപ്രിലിൽ നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. പ്രതിദിനം ശരാശരി 66.8 കോടി ഇടപാടുകളാണ് ഒക്‌ടോബറിൽ നടന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിവേഗ ബാങ്ക് ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് ഉപയോഗത്തിലും (ഐഎംപിഎസ്) വർദ്ധനവുണ്ടായിട്ടുണ്ട്. 40.4 കോടി ഐഎംപിഎസ് ഇടപാടുകളാണ് ഒക്‌ടോബറിൽ നടന്നത്. ഒക്‌ടോബറിലെ ഫാസ്‌ടാഗ് ഇടപാടുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 36.1 കോടി ഇടപാടുകളാണ് ഫാസ്‌ടാഗിൽ നടന്നത്.