
ജി.എസ്.ടിയിലും യു.പി.ഐയിലും കുതിപ്പ്
കൊച്ചി: ദീപാവലി ഉത്സവ ഉപഭോഗ ഉണർവിൽ രാജ്യത്തെ ചരക്ക് സേവന നികുതി(ജി.എസ്.ടി) സമാഹരണത്തിലും യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്(യു.പി.ഐ) ഇടപാടുകളിലും മികച്ച മുന്നേറ്റം. ഒക്ടോബറിൽ ഇന്ത്യയുടെ ജി.എസ്.ടി വരുമാനം 4.6 ശതമാനം വർദ്ധനയോടെ 1.96 ലക്ഷം കോടി രൂപയിലെത്തി. നവരാത്രിയ്ക്ക് ശേഷം ജി.എസ്.ടി നിരക്ക് കുത്തനെ കുറച്ചിട്ടും മികച്ച വരുമാന വളർച്ച നേടാനായി. അവശ്യ സാധനങ്ങളും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും വാഹനങ്ങളും അടക്കം 375 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്കാണ് കുറഞ്ഞത്. 12 ശതമാനം, 28 ശതമാനം നിരക്കുകൾ അഞ്ച് ശതമാനത്തിലേക്കും 18 ശതമാനത്തിലേക്കുമാണ് താഴ്ന്നത്.
ആഭ്യന്തര ഉപഭോഗത്തിലുണ്ടായ മികച്ച ഉണർവാണ് ജി.എസ്.ടിയിലെ വളർച്ച സൂചിപ്പിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. സെപ്തംബറിലെ ജി.എസ്.ടി വരുമാനം 1.89 ലക്ഷം കോടി രൂപയായിരുന്നു. ആഭ്യന്തര വിൽപ്പനയിലെ ജി.എസ്.ടി രണ്ട് ശതമാനം ഉയർന്ന് 1.45 ലക്ഷം കോടി രൂപയും ഇറക്കുമതി വരുമാനം 13 ശതമാനം വളർച്ചയോടെ 50,884 കോടി രൂപയിലുമെത്തി. അതേസമയം ജി.എസ്.ടി റീഫണ്ട് 39.6 ശതമാനം ഉയർന്ന് 26,934 കോടി രൂപയായി.
റെക്കാഡ് തിളക്കത്തിൽ യു.പി.ഐ
ഉത്സവകാല ഉപഭോഗ ഉണർവിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണവും മൂല്യവും ഒക്ടോബറിൽ റെക്കാഡ് ഉയരത്തിലെത്തി. നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷന്റെ കണക്കുകളനുസരിച്ച് ഒക്ടോബറിൽ 27.28 ലക്ഷം കോടി രൂപയുടെ 2,070 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷം ദീപാവലി കാലയളവിൽ ഉപഭോക്താക്കൾ വിപണിയിൽ സജീവമായതാണ് നേട്ടമായത്. ഇടപാടുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനവും മൂല്യത്തിൽ പത്ത് ശതമാനവും വർദ്ധനയുണ്ടായി. 2,016 ഏപ്രിലിലാണ് യു.പി.ഐ നിലവിൽ വന്നത്.
ഉത്സവ ലഹരിയിൽ കാർ വിപണി
ജി.എസ്.ടി ഇളവിന്റെ കരുത്തിൽ ഒക്ടോബറിൽ രാജ്യത്തെ വാഹന വിപണി മികച്ച മുന്നേറ്റം നേടി. വാഹനം വാങ്ങുന്നതിന് ഏറ്റവും ശുഭ മുഹൂർത്തമായി കരുതുന്ന ദീപാവലി കാലയളവിൽ നികുതി നിരക്കും കുറഞ്ഞതാണ് ഉപഭോക്താക്കൾക്ക് ആവേശമായത്. മാരുതി സുസുക്കിയാണ് ഉത്സവ കാല വിൽപ്പനയ്ക്ക് നേതൃത്വം നൽകിയത്. മാരുതി വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 10.48 ശതമാനം ഉയർന്ന് 1,76,318 യൂണിറ്റുകളായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ മാസം 71,624 വാഹനങ്ങളാണ് വിറ്റഴിച്ചത്. ടാറ്റ മോട്ടോർസിന്റെ കാർ വിൽപ്പന 26.6 ശതമാനം വളർച്ചയോടെ 61,295 യൂണിറ്റുകളായി. ഹ്യുണ്ടായ് മോട്ടോർ, ടൊയോട്ട കിർലോസ്‌കർ, കിയ ഇന്ത്യ, നിസാൻ എന്നിവയും വിൽപ്പനയിൽ മികച്ച മുന്നേറ്റം നേടി.
ജി.എസ്.ടി തിളക്കം
മാസം : വരുമാനം
ഏപ്രിൽ: 2,36 ലക്ഷം കോടി രൂപ
മേയ്: 2.01 ലക്ഷം കോടി രൂപ
ജൂൺ: 1.84 ലക്ഷം കോടി രൂപ
ജൂലായ്: 1.95 ലക്ഷം കോടി രൂപ
ആഗസ്‌റ്റ്: 1.86 ലക്ഷം കോടി രൂപ
സെപ്തംബർ: 1.89 ലക്ഷം കോടി രൂപ
ഒക്‌ടോബർ: 1.95 ലക്ഷം കോടി രൂപ
യു.പി.ഐ ഇടപാടുകൾ
മാസം : മൂല്യം: എണ്ണം
സെപ്തംബർ: 24.90 ലക്ഷം കോടി: 1,963 കോടി
ഒക്ടോബർ: 27.28 ലക്ഷം കോടി: 2,070 കോടി