
ന്യൂയോർക്ക് : അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ സീരിയൽ കില്ലർമാരിൽ ഒരാളാണ് ഡോ. ഹെൻറി ഹോവാർഡ് ഹോംസ് അഥവാ ' എച്ച്. എച്ച്. ഹോംസ് '. സീരിയൽ കില്ലർ എന്നതിലുപരി മികച്ച ഒരു തട്ടിപ്പ് വീരൻകൂടിയായിരുന്നു ഹോംസ്. ഇരകളെ കൊല്ലാനായി ഒരു ഹോട്ടൽ തന്നെ ഹോംസ് പണിതു. ഹോംസ് നിർമിച്ച ബഹുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഹോട്ടൽ ഒരുക്കിയിരുന്നത്. പുറത്ത് നിന്നും നോക്കുമ്പോൾ ഒരു സാധാരണ ബഹുനിലക്കെട്ടിടം. എന്നാൽ, ഉള്ളിലെ സ്ഥിതി തേനിച്ച കൂടിന്റേത് പോലെയായിരുന്നു. പല വാതിലുകളും ജനലുകളും കെണികളായിരുന്നു. വഴി തെറ്റി ഒറ്റപ്പെടുന്ന തരത്തിലുള്ള ഇടനാഴികളുമുണ്ടായിരുന്നു.
ശരിക്കും ഹോംസിന്റെ ഹോട്ടലിന്റെ ഉൾവശം ഒരു പ്രേതാലയം തെന്നെയായിരുന്നു. ഹോട്ടലിൽ താമസിക്കാനെത്തിയവരെ ഹോംസ് കൊലപ്പെടുത്തി. ക്ലോറോഫോം, വിഷവാതകം തുടങ്ങിയവ ഉപയോഗിച്ചും ചിലപ്പോൾ ക്രൂരമായി മർദ്ദിച്ചുമാണ് ഹോംസ് തന്റെ കെണിയിൽപ്പെടുന്നവരെ കൊലപ്പെടുത്തിയിരുന്നത്. കാൽസ്യം ഓക്സൈഡും ആസിഡുകളും നിറച്ച ഒരു നിലവറയിലേക്കായിരുന്നു ഹോംസ് താൻ കൊന്നവരുടെ മൃതദേഹങ്ങൾ നിക്ഷേപിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ ചിലരുടെ അസ്ഥികൂടങ്ങൾ ഹോംസ് വിൽക്കുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ടപ്പോൾ 27 കൊലപാതകങ്ങൾ ചെയ്‌തതായി ഹോംസ് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിൽ 9 എണ്ണം തെളിയിക്കപ്പെട്ടു. 200 ഓളം പേരെ ഹോംസ് വകവരുത്തിയിരിക്കാമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഇല്ല.
1896 മേയ് ഏഴിന് 35ാം പിറന്നാളിന് 9 ദിവസം ബാക്കി നിൽക്കെ ഹോംസിനെ തൂക്കിലേറ്റി. സുഹൃത്തായ ബെഞ്ചമിൻ പിറ്റ്സെലിന്റെ കൊലപാതകത്തിലൂടെയാണ് ഹോംസ് പിടിക്കപ്പെട്ടത്. വിചാരണയ്‌ക്കിടയാണ് ഹോംസ് മുമ്പ് ചെയ്‌തിട്ടുള്ള കുറ്റകൃത്യങ്ങൾ ഓരോന്നായി പുറത്ത് വന്നത്. അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ഹോംസ് ജനിച്ചത്. 1884ൽ മെഡിസിനിൽ ബിരുദം നേടിയ ഹോംസ് തന്റെ അടുത്തുവരുന്ന രോഗികളുടെ പേരിൽ ഇൻഷ്വറൻസ് എടുത്ത ശേഷം അവരെ കൊലപ്പെടുത്തി ഇൻഷ്വറൻസ് തട്ടിയെടുത്തിരുന്നു. ഹോംസിന് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്.
ജോലിക്ക് നിന്നിരുന്ന പ്രദേശങ്ങളിലെല്ലാം കൊച്ചു കുട്ടികൾ മുതലുള്ളവരെ ഹോംസ് വകവരുത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഇടയ്‌ക്കിടയ്‌ക്ക് നഗരങ്ങളും പേരും മാറ്റി ഹോംസ് താമസിച്ചിരുന്നു. 1886ൽ ഷിക്കാഗോയിലെത്തിയ ഹോംസ് ഈഗിൾവുഡിലെ ഒരു മരുന്ന് കടയിൽ ജോലിക്ക് പ്രവേശിക്കുകയും പിന്നീട് ആ മരുന്ന് കട വാങ്ങുകയും ചെയ്‌തു. ഈ മരുന്ന് കടയുടെ ഉടമകളെ പിന്നീട് ആരും കണ്ടിട്ടില്ല. ഇവരെ ഹോംസ് വകവരുത്തിയെന്ന് കരുതപ്പെടുന്നു. മരുന്ന് കടയ്‌ക്ക് സമീപമായാണ് ഹോംസ് തന്റെ ഹോട്ടൽ പണിതത്. 'വേൾഡ് ഫെയർ ഹോട്ടൽ ' എന്ന ഈ ഹോട്ടൽ പിന്നീട് ' മർഡർ കാസിൽ ' എന്ന പേരിൽ പ്രസിദ്ധമായി.