
ബംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തി ഇന്ത്യൻ താരം റിഷഭ് പന്ത്. ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായ പന്ത് ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുർദിന ടെസ്റ്റിൽ ഉജ്ജ്വലമായ അർദ്ധസെഞ്ച്വറിയോടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 275 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 119 റണസ് എന്ന നിലയിലാണ്. പരിക്കിന് ശേഷം കളിക്കുന്ന ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച പന്ത് 64 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്.
ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ വേണ്ടത് 156 റൺസാണ്. 32 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമയി. സായി സുദർശൻ (12), ആയുഷ് മത്രെ (6), ദേവ്ദത്ത് പടിക്കൽ (5) എന്നിവർ വേഗത്തിൽ പുറത്തായതോടെയാണ് രജദ് പാട്ടീദ്ദാറും (28) റിഷഭ് പന്തും (64) ടീമിന്റെ സ്കോർ ഉയർത്തി ആശ്വാസം നൽകിയത്.
നേരത്തെ, മൂന്നാം ദിനം ദക്ഷിണാഫ്രിക്ക എ ടീം രണ്ടാം ഇന്നിംഗ്‌സിൽ 199 റൺസിന് ഓൾഔട്ട് ആയിരുന്നു. സ്പിന്നർ തനുഷ് കോട്ടിയാനാണ് ബൗളിംഗിൽ ഇന്ത്യക്കായി തിളങ്ങിയത്. ഈ ഇന്നിംഗ്‌സിൽ നാല് വിക്കറ്റുകൾ നേടിയ കോട്ടിയാൻ മത്സരത്തിലാകെ എട്ട് വിക്കറ്റുകൾ സ്വന്തമാക്കി. പേസർ അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റും വീഴ്ത്തി.