
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്രിലായ വ്യവസായി മുഹമ്മദ് ഷർഷാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.
എന്നാൽ അറസ്റ്റിന് കാരണം രാഷ്ട്രീയ വെെരാഗ്യമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും ഷർഷാദ് ആരോപിച്ചു. കോടതിയിൽ നിന്ന് പൊലീസ് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷർഷാദ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'പരാതി നൽകിയത് സിപിഎം ബന്ധമുള്ള വ്യക്തിയാണ്. എനിക്ക് ഭീഷണിയുണ്ട്. പുറത്തിറങ്ങിയശേഷം വിശദമായ പത്രസമ്മേളനം വിളിക്കും. ഇത് പാർട്ടിയുടെ ആഭ്യന്തരവിഷയമാണ്. പി ശശിയുടെ ഓഫീസാണ് പ്രധാനമായും ഇതിന് പിന്നിൽ. അല്ലാതെ വേറൊന്നുമല്ല. സെക്രട്ടറിയുടെ മകനെതിരെയുള്ള തന്റെ പ്രശ്നം ഭീഷണിപ്പെടുത്തി ഒതുക്കാൻ നോക്കുകയാണ്'- ഷർഷാദ് പറഞ്ഞു.
ഡയറക്‌ടറായ കമ്പനിയിൽ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് രണ്ട് പേരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കഴിഞ്ഞദിവസമാണ് ചെന്നെെയിൽ നിന്ന് ഷർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളാണ് പരാതി നൽകിയത്. 'പെന്റ്' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷർഷാദ്. ഷർഷാദിന് ഒപ്പം കമ്പനി സിഇഒയായ തമിഴ്‌നാട് സ്വദേശിയും കേസിലെ പ്രതിയാണ്.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചയാളാണ് മുഹമ്മദ് ഷെർഷാദ്. യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്‌ണയും സിപിഎമ്മിലെ ഉന്നതരായ നേതാക്കളും അനധികൃതമായി ഇടപാടുകൾ നടത്തി എന്ന് ഷർഷാദ് സിപിഎം പൊളിറ്റ്‌ബ്യൂറോക്ക് കത്ത് നൽകിയിരുന്നു. രാജേഷ് കൃഷ്‌ണ സിപിഎം നേതാക്കളുടെ ബിനാമിയാണെന്നും ആരോപിച്ചു. തുടർന്ന് എം വി ഗോവിന്ദൻ, ടി എം തോമസ് ഐസക്ക് തുടങ്ങി മുതിർന്ന നേതാക്കൾ ഇയാൾക്കെതിരെ വക്കീൽ നോട്ടീസയച്ചിരുന്നു.