babar

ജോഹന്നാസ്ബ‌ർഗ്: അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ചരിത്രം കുറിച്ച് പാകിസ്ഥാൻ ബാറ്റർ ബാബർ അസം. ഇന്ത്യൻ താരം രോഹിത് ശർമയുടെ റെക്കാഡ് തിരുത്തിയാണ് ബാബറിന്റെ നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി- 20 മത്സരത്തിലാണ് ബാബർ ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത് ശർമയുടെ 4231 റൺസ് മറികടക്കാൻ ബാബറിന് ഒൻപത് റൺസാണ് വേണ്ടിയിരുന്നത്. 11 റൺസെടുത്താണ് താരം രോഹിത് ശർമയെ മറികടന്ന് റെക്കാ‌‌‌ഡ് തിരുത്തിയത്.

നിലവിൽ 130 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് ബാബർ അസമിന് 4234 റൺസുണ്ട്. ഇതിൽ 34 അർദ്ധസെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.ഒരു വ‌ർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാബർ അസം ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തുന്നത്. ആദ്യത്തെ മത്സരത്തിൽ ഡക്കായി താരം പുറത്തായങ്കിലും രണ്ടാമത്തെ മത്സരത്തിൽ വലിയൊരു റെക്കാ‌‌ഡാണ് മറികടന്നത്.

ട്വന്റി- 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ 159 മത്സരങ്ങളിൽ നിന്നാണ് 4231 റൺസ് നേടിയത്. 125 മത്സരങ്ങളില്‍ നിന്ന് 4188 റണ്‍സ് നേടിയ ഇന്ത്യന്‍ താരം വിരാട് കൊഹ്‌ലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. കൊഹ്‌ലിയും നേരത്തെ തന്നെ ട്വന്റി -20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു.