costal-police-

വിഴിഞ്ഞം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി തെരച്ചിൽ നടക്കവെ മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പൊലീസ് വാർഡൻ സുനിറ്റ്, കോസ്റ്റൽ എസ്.എച്ച്.ഒ വി.എസ്.വിപിൻ, എസ്.ഐ കെ.ജി.പ്രസാദ് എന്നിവരുൾപ്പെട്ട സംഘം ഉടൻ വള്ളവുമായി പൊഴിയിലെത്തി. മത്സ്യത്തൊഴിലാളി അന്തോണീസും ഒപ്പം ചേർന്ന് മുങ്ങിത്താഴ്ന്ന നിലയിൽ കണ്ട വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ധനുവച്ചപുരം സ്വദേശിനിയായ ഇവരെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായി കോസ്റ്റൽ പൊലീസ് പറഞ്ഞു