
ന്യൂഡൽഹി: ടെന്നീസ് കോർട്ടിലെ ഇന്ത്യൻ സെൻസേഷൻ രോഹൻ ബാപ്പണ്ണ വിരമിക്കൽ പ്രഖ്യാപിച്ചു. 22 വർഷം നീണ്ട പ്രൊഫഷണൽ ടെന്നിസ് കരിയർ അവസാനിപ്പിക്കുകായണെന്ന് തന്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ച വികാര നിർഭരമായ കുറിപ്പിലൂടെയാണ് 45കാരനായ ബൊപ്പണ്ണ പ്രഖ്യാപിച്ചത്. ഗ്രാൻഡ് സ്ലാമാലെ ഏറ്റവും പ്രായം കൂടിയ ചാമ്പ്യൻ, ടെന്നീസ് ഡബിൾസിലെ ഏറ്രവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ തുടങ്ങിയ റെക്കാഡുകളെല്ലാം സ്വന്തപേരിൽ എഴുതി ചേർത്ത ശേഷമാണ് ബൊപ്പണ്ണ റാക്കറ്റ് താഴെ വയ്‌ക്കുന്നത്. പാരിസ് മാസ്റ്റേഴ്‌സ് 1000 പുരുഷ ഡബിൾസിൽ കസഖ് കൂട്ടാളി അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമാണ് അവസാനം കളത്തിലിറങ്ങിയത്.
നിങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥങ്ങളും മാനങ്ങളും നൽകിയ ഒന്നിനോട് എങ്ങനെയാണ് വിടപറയാനാവുക. മറക്കാനാവാത്ത രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സമയമായി. ഞാനെന്റെ റാക്കറ്റ് ഔദ്യോഗികമായി താഴവയ്‌ക്കുകയാണ്. -ബൊപ്പണ്ണ വിടവാങ്ങൽ സന്ദേശത്തിൽ കുറിച്ചു. ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ജീവിതത്തിലെ ഏറ്രവും വലിയ ബഹുമതിയാണ്. ഓരോ തവണ കോർട്ടിലേക്കെത്തുമ്പോഴും ആ പതാകയ്ക്കും അഭിമാനത്തിനും വേണ്ടിയാണ് ഞാൻ കളിച്ചത് .- ബൊപ്പണ്ണ കുറിച്ചു. കൂർഗ് സ്വദേശിയാണ്.
2024ൽ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഓസീസ് താരം തന്നെയായ മാത്യു എബ്‌ഡനൊപ്പം കിരീടം നേടിയാണ് 43-ാം വയസിൽ ഗ്രാൻസ്ലാമിൽ ഏത് വിഭാഗത്തിലും ചാമ്പ്യനാകുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കാഡ് ബൊപ്പണ്ണ നേടിയത്. 2017ൽ ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ കനേഡിയൻ താരം ഗബ്രിയേല ഡബ്രോവ്‌സികിക്കൊപ്പമാണ് ബൊപ്പണ്ണ കന്നി ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്.
ഇതിഹാസ താരങ്ങളായ ലിയാൻഡർ പേസിന്റെയും മഹേഷ് ഭൂപതിയുടേയും സുവർണ കാലത്ത് അവരുടെ നിഴലായിരുന്ന ബൊപ്പണ്ണ 2010 ൽ ഡേവിസ് കപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് ഇന്ത്യയെ ലോക ഗ്രൂപ്പിൽ എത്തിച്ചതോടെയാണ് വെള്ളി വെളിച്ചത്തിലെത്തുന്നത്. ഇന്ത്യൻ ടെന്നീസിലെ പടല പിണക്കങ്ങളിലും പലപ്പോഴും ബൊപ്പണ്ണയുടെ പേര് ഉയർന്നു വന്നിട്ടുണ്ട്. ലിയാൻഡറിനൊപ്പം ഡബിൾസിൽ ഇറങ്ങാൻ വിസമ്മതിച്ചെതെല്ലം വലിയ വിവാദമായിരുന്നു.
ബൂം ബൂം ബൊപ്പണ്ണ
ഗ്രാൻസ്ലാം കിരീടങ്ങൾ -2(2024ൽ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ്, 2017 ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ്)
പുരുഷ ഡബിസിൽ ഓസ്‌ട്രേലിയൻ ഓപ്പണിലും മിക്‌സഡ് ഡബിൾസിൽ ഓസ്ട്രേലിയൻ ഓപ്പണിലും രണ്ട് തവണ വീതം റണ്ണറപ്പായി.