
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ ഉറവിടമാണ് പച്ചക്കറികൾ. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്ത സമ്മർദ്ദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെെട്രേറ്റുകൾ പച്ചക്കറിയിൽ ധാരാളമായുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ലെെക്കോപീൻ, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പച്ചക്കറി ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
എന്നാൽ ഈ ഗുണങ്ങൾ ലഭിക്കാൻ പച്ചക്കറി വേവിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഈ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ വരും. പച്ചക്കറി എപ്പോഴും ചെറിയ ചൂടിൽ വേണം വേവിയ്ക്കാൻ. ഇല്ലെങ്കിൽ ഇതിലെ പോഷകങ്ങൾ നഷ്ടമാകുന്നു. അമിതമായി ചുടേൽക്കുമ്പോൾ പച്ചക്കറിയുടെ നിറവും രുചിയും ഗുണവും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ഇവ വേവിക്കുമ്പോൾ എണ്ണ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എണ്ണ നിർബന്ധമാണെങ്കിൽ കുറച്ച് ഒലിവ് ഓയിൽ ചേർക്കാം. പച്ചക്കറികൾ വറുത്ത് കഴിക്കുന്നവർ ധാരാളമാണ്. വറുത്ത പച്ചക്കറിക്ക് നല്ല രുചിയാണെങ്കിലും അമിതമായി വറുക്കുന്നത് ഇതിലെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു. കറിയിൽ പച്ചക്കറിയിട്ട് വേവിക്കുന്നതാണ് നല്ലത്. ഇത് പോഷകഗുണങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. വേവിച്ച ശേഷം വീണ്ടും പച്ചക്കറി കറിയിലിട്ട് ചൂടാക്കിയാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടമാകും.