pic

ടെൽ അവീവ്: യുദ്ധത്തിനിടെ ഗാസയിൽ നിന്ന് അറസ്റ്റ് ചെയ്ത പാലസ്‌തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ മർദ്ദിക്കുന്ന വീഡിയോ പുറത്തായ സംഭവം വിവാദമായതോടെ സൈന്യത്തിന്റെ മുഖ്യ അഭിഭാഷക രാജിവച്ചു. 2021 മുതൽ സൈന്യത്തിന്റെ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിക്കുന്ന മേജർ ജനറൽ യിഫാറ്റ് തോമർ യെരുഷാൽമി ആണ് രാജിവച്ചത്. വീഡിയോ ചോർന്നതിൽ അന്വേഷണം തുടരുന്നതിനിടെയാണ് നീക്കം. വീഡിയോ പുറത്തുവിട്ടത് തന്റെ അനുമതിയോടെയാണെന്ന് യിഫാറ്റ് വ്യക്തമാക്കി. വീഡിയോ പുറത്തായതിന്റെ പേരിൽ 5 സൈനികർക്കെതിരെ നേരത്തെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു.

അതേ സമയം, ഗാസയിലെ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ ഹമാസ് കൈമാറിയ മൂന്ന് മൃതദേഹങ്ങൾ ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെഡ് ക്രോസ് വഴി ഇസ്രയേലിന് ലഭിച്ച മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബന്ദികളുടേത് അല്ലെന്ന് തിരിച്ചറിഞ്ഞത്. ഗാസയിൽ തടവിലിരിക്കെ കൊല്ലപ്പെട്ട 11 ഇസ്രയേലികളുടെ മൃതദേഹങ്ങളാണ് ഹമാസ് ഇസ്രയേലിന് വിട്ടുകൊടുക്കാനുള്ളത്.