vande-bharat

തിരുവനന്തപുരം: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എക്‌സ്‌പ്രസ് അടുത്തയാഴ്ച സർവീസ് ആരംഭിക്കും. എറണാകുളം - ബംഗളൂരു റൂട്ടിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വന്ദേഭാരത് സർവീസ് എന്നത് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഉത്സവ സീസണുകളിൽ ഉൾപ്പെടെ നാട്ടിലെത്താൻ കഴിയാതെ വലയുന്ന സമയങ്ങളിൽ കൊള്ള നിരക്കാണ് സ്വകാര്യ ബസുകാർ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഈ കൊള്ളയ്ക്ക് ഒരു പരിധി വരെ അറുതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന് മൂന്നാം വന്ദേ ഭാരത്- കേരളപ്പിറവിക്ക് മോദിജിയുടെ കൈയൊപ്പ്!

മലയാളികളുടെ ചിരകാല സ്വപ്നമായ ബെംഗളൂരു–എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ്സ് അടുത്തയാഴ്ച സർവ്വീസ് ആരംഭിക്കുകയാണ്. ഈ ആവശ്യം കേന്ദ്ര സർക്കാരിനു മുന്നിൽ ഞാൻ ഉന്നയിച്ചിരുന്നു. അതിവേഗം അനുമതി നൽകി യാത്ര യാഥാർത്ഥ്യമാക്കിയതിൽ അഭിമാനമുണ്ട്. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രവർത്തനത്തിന്റെ രാഷ്ട്രീയം. നൽകിയ വാക്ക് പാലിക്കുന്ന ഭരണം.

ഈ സ്വപ്നം സാക്ഷാത്കരിച്ച പ്രധാനമന്ത്രി മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌-ജിക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മുടെ ഐ.ടി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ആയിരക്കണക്കിന് മലയാളികൾക്ക് ഇനി ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതത്വത്തിലും സുഖകരവുമാകും.