
'പുലി പതുങ്ങുന്നത് ഒളിക്കാനല്ല,കുതിക്കാനാണ്..." വിദ്യാഭ്യാസ നവീകരണത്തിനുള്ള മോദി സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ ഇരുചെവിയറിയാതെ ഒപ്പിട്ടതിന്റെ പേരിൽ പുലിവാൽ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഒടുവിൽ സി.പി.ഐയുടെ കടുംപിടിത്തത്തിനു മുന്നിൽ മുട്ടുമടക്കിയെന്നും, വല്യേട്ടൻ അടിയറവ് പറഞ്ഞെന്നുമൊക്ക പത്രങ്ങളും ചാനലുകളും ആഘോഷിച്ച ദിവസം. അന്നുവൈകിട്ട് ചേർന്ന മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനിരുന്ന സി.പി.ഐ മന്ത്രിമാർ ഒടുവിൽ നിലപാട് മാറ്റി യോഗത്തിൽ പങ്കെടുത്തു.
പോരിൽ സി.പി.ഐക്ക് സമ്പൂർണ വിജയമെന്നും സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെട്ടെന്നും പ്രചാരണം. എൽ.ഡി.എഫ്
പൊട്ടിച്ചിതറുമെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കട്ടയും പടവും മടങ്ങുമെന്നും തലേന്നു രാത്രി ഉറക്കത്തിൽ കണ്ട മധുരസ്വപ്നത്തിന്റെ ആലസ്യത്തിൽ കോൺഗ്രസ് നേതാക്കൾ. പിണറായിയുടെ കുറ്റസമ്മതവും ആയുധം വച്ച് കീഴടങ്ങലും പ്രതീക്ഷിച്ചാണ് അവരും ടി.വി. ചാനലുകൾക്കു മുന്നിൽ കുത്തിയിരുന്നത്. പക്ഷേ, 'മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കരുത്."
സാമൂഹ്യ ക്ഷേമ പെൻഷൻ 1600-ൽ നിന്ന് 2000 രൂപയിലേക്ക്. ആശമാർക്കും പ്രീ പ്രൈമറി ടീച്ചർമാർക്കും 1000 രൂപയുടെ വർദ്ധന. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡി.എ എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ആനുകൂല്യ പ്രഖ്യാപനങ്ങളുടെ പെരുമഴ. കൂട്ടത്തിൽ, പി.എം. ശ്രീ പദ്ധതി മരവിപ്പിക്കുമെന്ന അറിയിപ്പും. ഇതെന്താ ഇലക്ഷൻ ബമ്പറോ? അന്തംവിട്ട് പ്രതിപക്ഷം. നവംബർ ഒന്നിന് നിയമസഭയിൽ നടത്താനിരുന്ന പ്രഖ്യാപനം മുഖ്യമന്ത്രി മുൻകൂട്ടി കാച്ചിയതാണ്. ഒടുവിൽ, നവംബർ ഒന്നിന് കൊട്ടിഘോഷിച്ച്, കേരളം രാജ്യത്ത് ആദ്യത്തെ അതിദാരാദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനവും! പി.എം. ശ്രീയിൽ ഒരു ചുവട് പിന്നോട്ട്; ബമ്പർ പ്രഖ്യാപനങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പ് അങ്കത്തിൽ രണ്ടുചുവട് മുന്നോട്ട്!
അമ്മയെ തല്ലിയാലും രണ്ടുപക്ഷം. അതിദരിദ്രരായ ലക്ഷക്കണക്കിനു പേർ അവശേഷിക്കെ, കേരളം അതിദാരിദ്ര്യമുക്തമായെന്ന സർക്കാരിന്റെ പ്രഖ്യാപനം തനി തട്ടിപ്പെന്ന് പ്രതിപക്ഷം. കുടുംബശ്രീ വഴി നടത്തിയ സർവേയിൽ സംസ്ഥാനത്ത് 66,006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയെന്നാണ് സർക്കാരിന്റെ വാദം. അതിൽ മരിച്ചവരും സ്ഥലംമാറിപ്പോയവരും ഉൾപ്പെട്ട 4729 കുടുംബങ്ങൾ ഒഴികെയുള്ളവരുടെ കണക്കാണെന്നും, അവർക്കായി ആയിരം കോടി രൂപ ചെലവിട്ടെന്നും പറയുന്നു.
പക്ഷേ, സംസ്ഥാനത്ത് പരമദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്ന് 2021- എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കെ,
സർക്കാരിന്റെ സർവേയിൽ 66,006 ആയി കുറഞ്ഞത് എങ്ങനെയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചോദ്യം. 5,91,194 പേർക്ക് മഞ്ഞ റേഷൻ കാർഡുണ്ട്. ബാക്കിയുള്ളവർ എവിടെ? ആകെ കൺഫ്യൂഷനായല്ലോ. അപ്പോൾ
ഇത് കള്ളക്കണക്കു തന്നെ. മുഖ്യമന്ത്രി നവംബർ ഒന്നിന് നിയമസഭയിൽ നടത്തിയ പ്രഖ്യാപനം തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തട്ടിപ്പ് പ്രതിപക്ഷത്തിന്റെ ശീലമെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.
ഇതിൽ സത്യമേത്? തർക്കം തീരുന്ന ലക്ഷണമില്ല. ഇനിയും അതിദരിദ്രരുണ്ടെങ്കിൽ ആദ്യം അതു കണ്ടെത്തുക. എന്നിട്ട് അത് പരസ്യമായി വിളിച്ചുപറയുക. അവരെയും മുക്തരാക്കുക. അതാണ് പ്രതിപക്ഷത്തിന് ഇനി കരണീയം. സർക്കാരിന്റെ വാദം പൊളിക്കുകയും ചെയ്യാം. എല്ലാവരെയും തൃപ്തിപ്പെടുത്തി ആർക്കും ഒരു തീരുമാനവും
എടുക്കാനാവില്ലെന്നു പറഞ്ഞത് ഗാന്ധിജിയാണ്.
അള മുട്ടിയാൽ ചേരയും കടിച്ചെന്നിരിക്കും. പിന്നെയാണോ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവുമുള്ള സി.പി.ഐ? സ്വതന്ത്ര ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷവും ഐക്യ കേരളത്തിൽ തിരഞ്ഞെടുപ്പിലൂടെ ആദ്യ സർക്കാർ രൂപീകരിച്ചതും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നത് മറക്കരുത്. 1964-ൽ പാർട്ടി പിളർന്ന ശേഷമാണ് സി.പി.എം വല്യേട്ടനും, സി.പി.ഐ ചെറിയേട്ടനുമായത്. ആന മെലിഞ്ഞെന്നു കരുതി
തൊഴുത്തിൽ കെട്ടാൻ ശ്രമിച്ചാൽ ഇടയും.
മുമ്പ് പല തവണ സി.പി.ഐ ഒന്നുകിൽ സ്വയം കീഴടങ്ങുകയോ, വല്യേട്ടൻ മെരുക്കുകയോ ചെയ്തിട്ടുണ്ടാവാം. എന്നുവച്ച് അവരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്താലോ? സി.പി.ഐയെ അറിയിക്കാതെ പി.എം. ശ്രീയിൽ ഒപ്പിട്ട കാര്യം പത്രക്കാർ ചോദിച്ചപ്പോൾ, 'എന്ത് സി.പി.ഐ" എന്ന് എം.വി. ഗോവിന്ദൻ മാഷിന്റെ മറുചോദ്യം! അത് ഇടഞ്ഞ ആനയുടെ മദപ്പാടിൽ തോട്ടികൊണ്ട് കുത്തലായി. അതോടെ മദമിളകിയ സി.പി.ഐയെ തളയ്ക്കാൻ സ്വയം മയക്കുവെടി വയ്ക്കേണ്ടിവന്നു. തലേന്നു വരെ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നു ശഠിച്ചവർ അതൊക്കെ വിഴുങ്ങി.
മുന്നണി തന്നെ വെള്ളത്തിലാവുമെന്നു കണ്ടപ്പോൾ വല്യേട്ടൻ കീഴടങ്ങി. ഒപ്പിട്ട പദ്ധതി മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തെഴുതാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. അതോടെ എല്ലാം ശുഭം. ഇരുകൂട്ടരും ജയിച്ചു. തോറ്റത് ജനം. സ്കൂളുകൾക്ക് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 970 കോടി സ്വാഹ! എങ്കിലെന്ത്? നമ്മുടെ ആദർശം ഉയർത്തിപ്പിടിക്കാനായില്ലേ!
മഴ തീർന്നാലും മരം പെയ്തു തീരാൻ വൈകും. അടി മാഞ്ഞാലും ചൊല്ല് മായില്ല. പി.എം. ശ്രീയിൽ പോര് കത്തിനിന്നപ്പോൾ സി.പി.എമ്മിലെ ചിലർക്കെതിരെ നടത്തിയ അതിരു വിട്ട പ്രയോഗങ്ങളിൽ കുമ്പസാരിക്കുകയാണ് സി.പി.ഐക്കാർ. സി.പി.ഐ ഓഫീസിൽ ചർച്ചയ്ക്കെത്തിയ മന്ത്രി ശിവൻകുട്ടി മടങ്ങിയപ്പോൾ, 'ഒരാൾ ഓഫീസിൽ വന്നാൽ എങ്ങനെ
വേണ്ടെന്നു പറയും" എന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞത് അനുചിതം. വഴിയേ പോയ ഏതോ ഒരുത്തനെന്ന് തന്നെ അധിക്ഷേപിച്ചതായി ശിവൻകുട്ടി. പ്രശ്നത്തിൽ ആദ്യം നേരിട്ട് ഇടപെടാതിരുന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അശക്തനും നിസഹായനുമെന്ന് സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബു...
ഒടുവിൽ ബേബി തന്നെ രക്ഷകനായി. അനൗചിത്യം ബോദ്ധ്യപ്പെട്ട അനിലും പ്രകാശ്ബാബുവും ക്ഷമ ചോദിച്ചു. മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിന് എ.ഐ.എസ്.എഫുകാരും മാപ്പ് പറഞ്ഞു. അപ്പോഴും, എസ്.എഫ്.ഐക്കെതിരെ അവർ വിളിച്ച മുദ്രാവാക്യം മാഞ്ഞില്ല. എസ്.എഫ്.ഐക്കാർ ഇനി മുണ്ട് മടക്കിക്കുത്തി നടക്കരുതെന്നായിരുന്നു അവരുടെ പരിഹാസം. പി.എം. ശ്രീ പദ്ധതിക്കു പിന്നിലെ ദേശീയ വിദ്യാഭ്യാസ നയം സംഘപരിവാർ അജൻഡ എന്നാണല്ലോ വിമർശനം. ആ അജൻഡ അംഗീകരിക്കുന്ന എസ്.എഫ്.ഐക്കാരുടെ അടിവസ്ത്രം തുന്നിയത് സംഘപരിവാറിന്റെ കാവിത്തുണിയോ, ആർ.എസ്.എസിന്റെ കാക്കിയോകൊണ്ട് ആയിരിക്കാമെന്നാണ് പരിഹാസത്തിന്റെ വ്യംഗ്യാർത്ഥം!
പുഴ വറ്റുകയും അക്കരെ നിൽക്കുന്ന പട്ടി പുഴകടന്നു വന്ന് കടിക്കാൻ ഒരുമ്പെടുകയും ചെയ്താൽ ആര് നേരിടും?സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആറ് മാസമുണ്ട്. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ എങ്ങനെ ഒരുമിച്ച് നേരിടണമെന്നതിലല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡിഎഫ് ഭരണത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്നതിനെച്ചൊല്ലിയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലെ തർക്കം! അതിന്റെ പേരിൽ കുതികാൽവെട്ടും പടലപ്പിണക്കങ്ങളും തകൃതി. എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ടെന്ന് പറയുന്നതു പോലെ, കോൺഗ്രസ് നേതാക്കളുടെ വിക്രിയകൾ അങ്ങ് ഡൽഹിയിലിരുന്ന് നേതാക്കൾ (അതിൽ താനില്ലെന്ന് കെ.സി. വേണുഗോപാൽ ) കാണുന്നുണ്ട്.
ഇവിടത്തെ നേതാക്കളെ ഒന്നാകെ ഡൽഹിക്കു വിളിപ്പിച്ച് നല്ല കിഴുക്ക് കൊടുത്തു. കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാവില്ല! അതിന്റെ പേരിൽ മേലിൽ തല്ലുകൂടരുതെന്നും ഇണ്ടാസ്; കെ.പി.സി.സി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന വി.ഡി. സതീശന് കൈവെള്ളയിൽ ചൂരലടിയും.
നുറുങ്ങ്:
■ പി.എം.ശ്രീയിൽ ഒപ്പിട്ടതിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ജയ് വിളിച്ച് എ.ബി.വി.പിക്കാർ.
● പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനി എന്തു വിളിക്കും?
(വിദുരരുടെ ഫോൺ: 99461 08221)