
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടിക്കൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. കവർന്ന സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനായി നാളെ കോടതിയിൽ ഹാജരാക്കുന്ന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
ശബരിമല ദ്വാരപാലകശില്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
അതേസമയം, കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസറും അടൂർ സ്വദേശിയുമായ ഡി സുധീഷ് കുമാറിന് കൊളളയിൽ വ്യക്തമായ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുമായി ചേർന്ന് സുധീഷ് കുമാർ സ്വർണം കടത്താൻ ഗൂഢാലോചനയും ആസൂത്രണവും നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരകപാലക ശില്പങ്ങൾ എന്നിവയിലെ സ്വർണം അപഹരിച്ച രണ്ട് കേസുകളിലാണ് സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം സബ് ജയിലിൽ എത്തിച്ച സുധീഷ് കുമാറിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം നാളെ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. മുരാരി ബാബു തിങ്കളാഴ്ച റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി നൽകും.