amoeba-case

കൊച്ചി: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌‌ത്തി വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. ഇടപ്പള്ളിയിൽ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്.

2024-ൽ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായുള്ള 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എട്ടുപേർ രോഗത്തിന് കീഴടങ്ങി. 2025-ലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മാത്രമല്ല,​ രോഗത്തിന് പുതിയ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം വളരെയേറെ വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 144 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 30 പേർക്ക് ജീവൻ നഷ്ടമായി.

നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ഇതിൽ ‘ബ്രെയിൻ ഈറ്റിംഗ് അമീബിയ’ എന്നറിയപ്പെടുന്ന അമീബയാണ് കൂടുതൽ അപകടകാരി. ഇത് വേഗത്തിൽ തലച്ചോറിനെ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.